ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് 3-2ന് പരാജയപ്പെട്ടതിന് പിന്നാലെ ഫിഫയ്ക്കും മത്സര റഫറിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾ ഈജിപ്തിന് അനീതിയുണ്ടാക്കിയെന്നും, ടൂർണമെന്റിൽ ലയണൽ മെസിയും അർജന്റീനയും മുന്നേറണമെന്ന ലക്ഷ്യത്തോടെയാണ് കാര്യങ്ങൾ നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
മത്സരത്തിൽ ഈജിപ്തിന്റെ ഒരു ഗോൾ VAR പരിശോധനയ്ക്ക് പിന്നാലെ അനുവദിക്കാതിരിക്കുകയും, പെനാൽറ്റി ആവശ്യപ്പെട്ടിട്ടും അനുകൂല തീരുമാനം ലഭിക്കാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. അർജന്റീനയുടെ വിജയഗോളിന് തൊട്ടുമുമ്പ് ഈജിപ്ത് താരം മുഹമ്മദ് സലാഹിനെതിരായ ഫൗൾ റഫറി അവഗണിച്ചെന്നും ഹൊസം ഹസൻ ആരോപിച്ചു.
പരാജയത്തിന് പിന്നാലെ ഇനി ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ കാണില്ലെന്നും ഹൊസം ഹസൻ പ്രതികരിച്ചു. അതേസമയം, താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ലോകത്തിലെ മുൻനിര ടീമിനെതിരെ അവർ പോരാട്ടവീര്യം തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

