വീണയുടെ സ്വത്തുവിവരങ്ങൾ തേടി ഇഡി സംഘം പിണറായിയിൽ

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ടി.യുടെ പേരിലുള്ള സ്വത്തുവിവരങ്ങൾ ശേഖരിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സംഘം കണ്ണൂർ ജില്ലയിലെ പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജുകളുടെ പരിധിയിലുള്ള വീണയുടെ പേരിലുള്ള ഭൂമിയുടെ രേഖകളും സ്ഥലവിവരങ്ങളും പരിശോധിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ചൊവ്വാഴ്ച രാവിലെ കൊച്ചി സോണൽ ഓഫീസിലെ രണ്ട് ഇഡി ഉദ്യോഗസ്ഥർ ആദ്യം പാതിരിയാട് വില്ലേജ് ഓഫീസിലെത്തി. തുടർന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസറോടൊപ്പം പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപമുള്ള സ്ഥലത്ത് സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പിണറായി വില്ലേജ് ഓഫീസിലെത്തി ഇലക്ട്രിസിറ്റി സബ് സ്റ്റേഷനു സമീപമുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും പരിശോധിച്ചു. ഏകദേശം ഒരു മണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി സംഘം മടങ്ങി.

എക്സലോജിക് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് –കൊച്ചിൻ മിനറൽ ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) മാസപ്പടി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിൽ വീണയെ ഇഡി ഇതിനകം രണ്ട് തവണയായി ഏകദേശം 19 മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്നാംഘട്ട ചോദ്യംചെയ്യലിന് മുന്നോടിയായാണ് സ്വത്തുസംബന്ധമായ വിവരങ്ങൾ ശേഖരിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *