സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്; ഡ്രൈവർക്കെതിരെ കേസ്

നാദാപുരം: സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് പത്ത് വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പാറക്കടവ് പട്ടാണി പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകുന്നേരം 4.10-ഓടെയാണ് സംഭവം നടന്നത്. സ്കൂൾ ജീപ്പിൽ പാറക്കടവിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇൻസാഫ് റഹ്മാൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ ജീപ്പിന്റെ പിൻവശത്തെ വാതിൽ അശ്രദ്ധമായി തുറന്നുപോവുകയും, കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

ജീപ്പ് ഡ്രൈവർ അശ്രദ്ധമായും യാത്രക്കാരുടെ ജീവന് അപകടം വരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *