തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ഗതാഗത മന്ത്രി സി.പി. ജോണിന്റെ ഓഫീസ് പോലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി കൈമാറിയത്.
പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജീവനക്കാരെ പൂർണ്ണമായി ഒഴിവാക്കുമെന്നും ഇതിനായി പ്രത്യേക ‘പ്രിയദർശിനി കാർഡ്’ പുറത്തിറക്കുമെന്നുമുള്ള ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഈ വിവരങ്ങൾ പോസ്റ്റ് ചെയ്ത വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങളും പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.
ചില അക്കൗണ്ടുകൾ ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേ നടത്തുകയും യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ പങ്കുവെക്കുകയും ചെയ്യുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ ഭാരതീയ ന്യായ സംഹിത 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശനമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ പൊതുജനങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നിലവിലുള്ള സൗജന്യ യാത്ര മാറ്റമില്ലാതെ തുടരുമെന്നും മന്ത്രി അറിയിച്ചു

