ഇടമലക്കുടിയില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരിശീലനം; ‘പടവ് 2026’ പദ്ധതിക്ക് തുടക്കമായി

ഇടമലക്കുടി: ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറുമാസത്തെ പി.എസ്.സി പരിശീലന പദ്ധതിയായ ‘പടവ് 2026’ ന് തുടക്കമായി. ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങിൽ എഫ്. രാജ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പഠനസഹായികളുടെ വിതരണവും എംഎല്‍എ നിർവഹിച്ചു.

ആദിവാസി മേഖലയിലെ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ആറുമാസത്തെ ഈ സമഗ്ര പരിശീലന പരിപാടി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു എം. അധ്യക്ഷത വഹിച്ചു. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി.എസ്. ലഹരിവിരുദ്ധ സന്ദേശം നല്‍കി.

ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ ഡി., ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ, പഞ്ചായത്ത് അംഗം സെല്‍വി, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ധനേഷ് കെ., ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. ഷമീര്‍, ഇടമലക്കുടി പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ് എം.വി., സൊസൈറ്റി കുടികാണി ഗുരുസ്വാമി, ഊരുമൂപ്പന്‍ ബാലന്‍, ട്രൈബല്‍ പ്രമോട്ടര്‍ അനുശേഖര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.പി. ബിനുമോന്‍, സുധീര്‍ വി.ആര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *