ഭൂമിയിൽ നിന്ന് ഏകദേശം 25 പ്രകാശവർഷം അകലെയുള്ള ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തെ (Red Dwarf) ചുറ്റുന്ന GJ 3378b എന്ന ‘സൂപ്പർ എർത്ത്’ ഗ്രഹത്തിൽ ജീവന് അനുകൂലമായ സാഹചര്യമുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പുതിയ പഠനത്തിൽ ഗ്രഹത്തിന്റെ ഭാരം മുമ്പ് കരുതിയതിനെക്കാൾ കുറവാണെന്ന് കണ്ടെത്തിയതോടെയാണ് ഇത് പാറഗ്രഹമാകാനും ജീവന് അനുയോജ്യമായ സാഹചര്യങ്ങൾ നിലനിൽക്കാനുമുള്ള സാധ്യത വർധിച്ചത്.
GJ 3378b ഭൂമിയുടെ ഏകദേശം 2.3 മടങ്ങ് ഭാരമുള്ള ഗ്രഹമാണ്. ഇത് അതിന്റെ നക്ഷത്രത്തിന്റെ ‘വാസയോഗ്യ മേഖലയിലാണ്’ (Habitable Zone) സ്ഥിതിചെയ്യുന്നത്. അതിനാൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ദ്രാവകജലം നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഗ്രഹത്തിന് അന്തരീക്ഷമുണ്ടോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനഫലങ്ങൾ ദി ആസ്ട്രോ ഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചു. ഭാവിയിലെ കൂടുതൽ ശക്തമായ ദൂരദർശിനികളുടെ സഹായത്തോടെ ഗ്രഹത്തിന്റെ അന്തരീക്ഷവും ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ജൈവസൂചനകളും (biosignatures) പരിശോധിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

