ന്യൂയോർക്ക്: ലോകകപ്പിന്റെ പ്രീക്വാർട്ടർ മത്സരത്തിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസ് താരം മൈക്കൽ ഒലിസെക്ക് ലഭിച്ച മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ (FFF) അപ്പീൽ ഫിഫ തള്ളി. ഇതോടെ മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിലും ഒലിസെ മഞ്ഞക്കാർഡിന്റെ ഭീഷണിയോടെയാണ് ഇറങ്ങുക.
പരാഗ്വേയ്ക്കെതിരായ മത്സരത്തിന്റെ ഇൻജുറി ടൈമിൽ മാതിയാസ് ഗലാർസയുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് ഒലിസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ മുഖത്ത് പ്രഹരമേറ്റതായി വ്യക്തമായ തെളിവില്ലെന്നും കാർഡ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫ്രാൻസ് അപ്പീൽ നൽകിയത്. എന്നാൽ ഫിഫ അപ്പീൽ അംഗീകരിച്ചില്ല.
ഇനി മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ ഒലിസെക്ക് വീണ്ടും മഞ്ഞക്കാർഡ് ലഭിച്ചാൽ, ഫ്രാൻസ് സെമിഫൈനലിലെത്തുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ആ മത്സരം നഷ്ടമാകും. ലോകകപ്പിൽ മികച്ച ഫോമിലുള്ള ഒലിസെയെ നഷ്ടപ്പെടാനുള്ള സാധ്യത ഫ്രാൻസിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

