ഇന്ത്യ ബ്രിക്സ് ഉച്ചകോടി 2026; കൊച്ചിയിൽ കുടുംബശ്രീ സ്റ്റാൾ ശ്രദ്ധേയമാകുന്നു

കൊച്ചി: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസിൽ ആരംഭിച്ച ഇന്ത്യ ബ്രിക്സ് ഉച്ചകോടി-2026-ൽ സ്ത്രീമുന്നേറ്റത്തിന്റെയും ഗ്രാമീണ സംരംഭകത്വത്തിന്റെയും കരുത്തുമായി കുടുംബശ്രീ സ്റ്റാൾ ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ മുന്നേറ്റവും ശാക്തീകരണവും വ്യക്തമാക്കുന്നതിനായി ഒരുക്കിയ ആജീവിക ‘സരസ്’ ബ്രാൻഡ് ഉൽപന്ന പ്രദർശന വിഭാഗത്തിലാണ് കുടുംബശ്രീ ഉൽപന്നങ്ങൾ സന്ദർശകരുടെ മനംകവരുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ തയ്യാറാക്കിയ ഹെർബൽ ഫുഡ് സപ്ലിമെന്റ്സ്, ഡ്രൈ മിക്സ് പൗഡർ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയ ഒട്ടേറെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരും സ്വയംസഹായ സംഘങ്ങളും പങ്കെടുക്കുന്ന പ്രദർശനത്തിൽ ആകെ 23 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഈ പ്രദർശന നഗരിയിൽ തങ്ങളുടെ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് ഗ്രാമീണ സംരംഭകർക്ക് വലിയ ആത്മവിശ്വാസവും പുതിയ ആഗോള വിപണി സാധ്യതകളിലേക്കുള്ള പ്രതീക്ഷയും നൽകുന്നുണ്ട്.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് ചുമതലയുള്ള ആജീവിക ‘സരസ്’ ബ്രാൻഡ് ഉൽപന്ന പ്രദർശനത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കുടുംബശ്രീയാണ്. സ്റ്റാളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി വിപുലമായ നയതന്ത്ര വികസന അജണ്ടയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ മന്ത്രിതല, വർക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലും ഉച്ചകോടി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *