കൊച്ചി: കേന്ദ്ര സർക്കാരിന്റെ ‘പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’ പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമാകാൻ എറണാകുളം ജില്ലയിലെ മത്സരരംഗത്തുള്ള എട്ട് പഞ്ചായത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. മാതൃകാ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിന് സോളാർ ഊർജ പദ്ധതികൾ വിപുലീകരിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു കോടി രൂപയുടെ ധനസഹായം ലഭിക്കും.
കുമ്പളങ്ങി, പൈപ്ര, മുളന്തുരുത്തി, ചിറ്റാറ്റുകര, കുഴുപ്പിള്ളി, ചോറ്റാനിക്കര, മണീട്, ഒക്കൽ എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽ നിന്ന് മത്സരരംഗത്തുള്ളത്. മാർച്ചിൽ തുടങ്ങി ആറുമാസം നീളുന്ന മത്സരകാലയളവിൽ നിലവിൽ 216 വീടുകളിൽ സോളാർ സ്ഥാപിച്ച് 742 കിലോവാട്ട് അധിക ഉത്പാദനം കൈവരിച്ച കുമ്പളങ്ങി പഞ്ചായത്താണ് ജില്ലയിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ പഞ്ചായത്തുകൾ സ്വന്തം ഫണ്ടും പ്ലാൻ ഫണ്ടുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ നിർദേശിച്ചു. ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സോളാർ വായ്പകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ലീഡ് ബാങ്കുമായി സഹകരിച്ച് ലോൺ മേളകൾ സംഘടിപ്പിക്കണം. വാർഡ് മെമ്പർമാർ വഴി പ്രാദേശികമായി വിപുലമായ ബോധവൽക്കരണം നടത്തണമെന്നും വായ്പകൾ വേഗത്തിൽ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
നേരത്തെ പദ്ധതി നടപ്പിലാക്കുന്നതിൽ രാജ്യത്ത് എട്ടാം സ്ഥാനം നേടി എറണാകുളം ജില്ല ശ്രദ്ധേയമായിരുന്നു. 42,843 റൂഫ്‌ടോപ്പ് സോളാർ ഉപഭോക്താക്കളുടെ പങ്കാളിത്തത്തോടെ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്നുള്ള പുരസ്കാരം ജൂൺ നാലിന് ന്യൂഡൽഹിയിൽ വെച്ച് ജില്ലാ കളക്ടർ ഏറ്റുവാങ്ങിയിരുന്നു

