കൊച്ചി: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനുള്ള കേന്ദ്ര സഹായം ഉറപ്പാക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ്ണ ദേവിയോട് മന്ത്രി ബിന്ദു കൃഷ്ണ അഭ്യർത്ഥിച്ചു. വകുപ്പിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവിക്ക് കൊച്ചിയിൽ വെച്ച് കൈമാറി. വനിതാ ശിശുവികസന വകുപ്പിന് ലഭിക്കേണ്ട കുടിശികയുള്ള കേന്ദ്ര ഫണ്ടുകൾ അടിയന്തരമായി ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ചെറുതോണി, മാവേലിക്കര, പാണ്ടനാട്, വാഴത്തോപ്പ്, മട്ടന്നൂർ, കോഴിക്കോട്, കോട്ടയം, റാന്നി, മുളങ്കുന്നത്തുകാവ്, ബാലരാമപുരം എന്നിങ്ങനെ 10 ഇടങ്ങളിലായി വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളുടെ നിർമ്മാണം നടക്കുന്നുണ്ട്. ഇതിന്റെ രണ്ടാം ഗഡു ഫണ്ട് ലഭ്യമാക്കണമെന്നതാണ് പ്രധാന ആവശ്യം. SASCI 2025 സ്കീമിൽ 40.80 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭ്യമാകേണ്ടത്. കൂടാതെ പോഷൻ അഭിയാൻ 2.0 യുടെ ഭാഗമായി 98.04 കോടി രൂപ ലഭ്യമാക്കണമെന്നും സ്മാർട്ട് ഡിവൈസുകളും ഗ്രോത്ത് മോണിറ്ററിംഗ് ഡിവൈസുകളും സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. പോഷൻ ട്രാക്കർ ഉപയോഗിക്കാൻ മൊബൈൽ ഫോണുകൾക്ക് പകരം ടാബ്ലറ്റുകൾ വേണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന മിഷൻ വാത്സല്യയ്ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു. പൂർണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിക്കുന്ന ഈ പദ്ധതിക്ക് മുടക്കം വരാതെ തുക ലഭ്യമാക്കണം. സ്പോൺസർഷിപ്പ്, ഫോസ്റ്റർ കെയർ ആൻഡ് ആഫ്റ്റർ കെയർ എന്നിവയിലൂടെ അർഹരായ കുട്ടികൾക്ക് മാസംതോറും 4000 രൂപ നൽകി വരുന്നുണ്ടെങ്കിലും 2025 ജൂലൈയ്ക്ക് ശേഷം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. ഈ മുടക്കം വന്ന തുകയും തുടർന്നുള്ള മാസങ്ങളിലെ ഫണ്ടും കൃത്യമായി അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ശക്തി സദൻ ഏറ്റെടുക്കാൻ ആവശ്യമായ 2.87 കോടി രൂപ അനുവദിക്കുക, എറണാകുളത്തും കോഴിക്കോടും പുതിയ നിർഭയ വൺ സ്റ്റോപ്പ് സെന്ററുകൾ തുടങ്ങാൻ തുക അനുവദിക്കുക, അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ റിവ്യൂ യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ദിനബത്ത അനുവദിക്കുക, വനിത ഹെൽപ്പ് ലൈൻ 181ന്റെ പ്രവർത്തനം ആധുനികവൽക്കരിക്കാനും ശക്തമാക്കാനും സഹായം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്രമന്ത്രിയെ അറിയിച്ചു. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അന്നപൂർണ്ണ ദേവി ഉറപ്പുനൽകി.

