മാർവൽ സ്റ്റേഡിയത്തിൽ ‘മോദി മാജിക്; ആവേശോജ്ജ്വല സ്വീകരണമൊരുക്കി കാൽലക്ഷത്തോളം ഇന്ത്യൻ പ്രവാസി സമൂഹം

മെൽബൺ: ഒരു പതിറ്റാണ്ടിനുശേഷം മെൽബണിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വലമായ സ്വീകരണമൊരുക്കി കാൽലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം. വ്യാഴാഴ്ച രാത്രി മാർവൽ സ്റ്റേഡിയത്തിലെ ചുവപ്പ് പരവതാനിയിലേക്ക് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം നരേന്ദ്ര മോദി എത്തിയപ്പോൾ, മൊബൈൽ ഫോൺ ലൈറ്റുകൾ തെളിയിച്ചും ‘മോദി, മോദി’ വിളികളോടെയുമാണ് സ്റ്റേഡിയം അവരെ വരവേറ്റത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മെൽബണിലെത്തിയ പ്രധാനമന്ത്രിയുടെ മൂന്ന് വർഷത്തിനിടയിലെ ആദ്യ ഓസ്‌ട്രേലിയൻ പര്യടനമാണിത്. പ്രവാസി സംഗമത്തിന് മുന്നോടിയായി ഇരു നേതാക്കളും ഒപ്പുവെച്ച ചരിത്രപരമായ യുറേനിയം കരാറും പ്രതിരോധ പങ്കാളിത്തവും വാർത്തകളിൽ ഇടം നേടിയിരുന്നു.

സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ജനസാഗരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാനോളം പുകഴ്ത്തി. ഇന്ത്യയും ഓസ്‌ട്രേലിയയും ചെയ്യുന്നതെന്തും ഇരുരാജ്യങ്ങൾക്കും എപ്പോഴും ശുഭകരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മൂന്നാമത്തെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്രത്തോളം ഉന്നതിയിൽ എത്തിയെന്ന് തെളിയിക്കുന്നതാണെന്നും ഇതിൽ ഇന്ത്യൻ പ്രവാസി സമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് ഈ ചടങ്ങെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിൽ അനുഭവപ്പെടുന്ന ഈ വലിയ ഊർജ്ജമാണ് ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തത്തിന്റെ നിർവ്വചനമെന്ന് അദ്ദേഹം പറഞ്ഞു. മെൽബൺ മുൻപും വലിയ പല പരിപാടികൾക്കും വേദിയായിട്ടുണ്ടെങ്കിലും “മെൽബൺ മീറ്റ്സ് മോദി” അടുത്ത തലത്തിലുള്ള ഒന്നായിരുന്നെന്ന് വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ വ്യക്തമാക്കി. ഇന്ത്യയെ ആഗോള തലത്തിലേക്ക് ഉയർത്തിയ മികച്ച ഭരണാധികാരിയാണ് മോദിയെന്ന് സ്റ്റേഡിയത്തിലെത്തിയ പ്രവാസികളായ ദിപ്തി ബന്ദാലും, സലോനി ഭഗത്തും മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യൻ സമൂഹത്തിൽ ഭൂരിഭാഗവും പ്രധാനമന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ തന്നെ, വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. വിവിധ മനുഷ്യാവകാശ സംഘടനകളും ഓസ്‌ട്രേലിയയിലെ മുസ്‌ലിം-സിഖ് സമൂഹങ്ങളിലെ ഒരു വിഭാഗവും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ശക്തമായ അപലപിച്ചു. മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ ഒഴിവാക്കിക്കൊണ്ട് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ വിവേചനപരമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യയുടെ ജനാധിപത്യം തകർത്തുവെന്നും ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റിയെന്നും പ്രതിഷേധക്കാരിൽ ഒരാളായ സച്ചിൻ സംഭൂസ് ആരോപിച്ചു. ഓസ്‌ട്രേലിയൻ സർക്കാർ വലിയ സ്വീകരണം നൽകുമ്പോഴും ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *