വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്തതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരം കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്ക സുരക്ഷ ശക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ പിന്തുണയുള്ള ഘടകങ്ങൾ ട്രംപിനെ ലക്ഷ്യമിട്ട് പുതിയ നീക്കങ്ങൾ നടത്തുകയാണെന്ന സൂചനകളാണ് ഇസ്രായേൽ പങ്കുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ ഇസ്രായേൽ സർക്കാരും ഇറാന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘവും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇതിനിടെ, ട്രംപിനെതിരായ ഭീഷണികളെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുമ്പ് പലതവണ പ്രഖ്യാപിച്ചിരുന്ന പശ്ചാത്തലത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

