നാസൗ: ബഹാമാസിൽ ചെറുവിമാനം തകർന്നു വീണ് 10 പേർ മരിച്ചു. വടക്കൻ ആൻഡ്രോസ് (North Andros) ദ്വീപിലുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് മരിച്ചത്. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഫ്ലാമിംഗോ എയർ (Flamingo Air) സർവീസ് നടത്തിയ സെസ്‌ന 402 വിമാനമാണ് നാസൗവിലെ ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സാൻ ആൻഡ്രോസിലേക്ക് പോകുന്നതിനിടെ തകർന്നുവീണത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയപ്പോൾ ഒരാളെ ജീവനോടെ കണ്ടെത്തിയെങ്കിലും പിന്നീട് മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു.
അപകടത്തെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഫ്ലാമിംഗോ എയറിന്റെ സർവീസുകൾ ബഹാമാസ് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിമാനക്കമ്പനി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

