ഓക്ക്ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ ശതാബ്ദി ആഘോഷ നിറവിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഒരുക്കിയ വിരുന്നിലും തുടർന്ന് നടന്ന ചടങ്ങുകളിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നൂറ്റാണ്ട് മുൻപ് ഇന്ത്യൻ ഹോക്കി ടീം ന്യൂസിലൻഡ് സന്ദർശിച്ച ചരിത്രപരമായ നിമിഷം പ്രധാനമന്ത്രി ഓർത്തെടുത്തു. അന്ന് ഹോക്കി മജീഷ്യൻ മേജർ ധ്യാൻചന്ദ് പുറത്തെടുത്ത അസാമാന്യ പ്രകടനം ന്യൂസിലൻഡ് ജനതയുടെ മനസ്സ് കീഴടക്കിയെന്നും ആ ചരിത്ര സന്ദർശനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക പങ്കാളിത്തത്തിന് ഇന്നും പ്രചോദനമേകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് സഹകരണത്തിന്റെ യുഗമാണെന്നും കായിക മേഖലയിലെ ഒത്തൊരുമയിലൂടെ ഇന്ത്യയ്ക്കും ന്യൂസിലൻഡിനും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ക്രിക്കറ്റിന് പുറമെ റഗ്ബി, സ്പോർട്സ് ടെക്നോളജി, കോച്ചിങ് തുടങ്ങിയ മേഖലകളിലേക്ക് കായിക നയതന്ത്രം വ്യാപിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ചേർന്ന് ‘സ്പോർട്സ് ജോയിന്റ് ആക്ഷൻ പ്ലാൻ’ രൂപീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഭുവനേശ്വറിൽ ന്യൂസിലൻഡ് റഗ്ബിയും റഗ്ബി ഇന്ത്യയും ചേർന്ന് അടുത്തിടെ നടത്തിയ കോച്ചിങ് ക്യാമ്പ് ഇതിന്റെ മികച്ച തുടക്കമാണെന്നും കായികരംഗത്ത് ഇരുരാജ്യങ്ങളുടെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

