പെർത്ത്: വിധി കാത്തുവെച്ച ദാരുണമായ വിയോഗത്തിന്റെ നടുക്കത്തിലാണ് പെർത്തിലെ മലയാളി സമൂഹം. പുതിയൊരു ജീവിതം സ്വപ്നം കണ്ട് ആറുമാസം മുൻപ് മാത്രം യുകെയിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയ തൊടുപുഴ കരിമണ്ണൂർ സ്വദേശി വടക്കേക്കര ജോബിൻ ജോസ് (42) ഫിയോണ സ്റ്റാൻലി ആശുപത്രിയിൽ അന്തരിച്ച വാർത്ത പ്രവാസലോകം വിങ്ങലോടെയാണ് കേട്ടത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജോബിൻ, പ്രാർത്ഥനകളെയും പ്രതീക്ഷകളെയും നിഷ്പ്രഭമാക്കി ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരേതനായ വി. ടി. ജോസഫ് വടക്കേക്കരയുടെയും സെലിൻ ജോർജിന്റെയും മകനാണ് ജോബിൻ. ജീവിതം പടുത്തുയർത്താൻ കൈപിടിച്ച പ്രിയ പത്നി റിയ ആന്റണി നെല്ലിക്കുന്നേൽ (വെളിയാച്ചൽ), മക്കളായ ജോസൺ, ജേക്ക്, റിയോൺ എന്നിവരെ തനിച്ചാക്കിയാണ് ജോബിൻ യാത്രയായത്. ഒരു ആയുസ്സിന്റെ മുഴുവൻ സമ്പാദ്യവും പ്രതീക്ഷകളും പുതിയൊരു നാട്ടിലേക്ക് മാറ്റിവെച്ച് മാസങ്ങൾ മാത്രം തികയുമ്പോഴുണ്ടായ ഈ വിയോഗം ആ കുടുംബത്തെ പൂർണ്ണമായും തളർത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ജോബിന്റെ വേർപാട് സൃഷ്ടിച്ച മാനസികാഘാതത്തിൽ നിന്നും റിയയും മക്കളും ഇനിയും മുക്തരായിട്ടില്ല. ഈ കഠിനമായ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് സാമ്പത്തികമായും വലിയൊരു താങ്ങ് അനിവാര്യമാണ്.
ജീവിതം വീണ്ടും പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുക്കേണ്ടി വരുന്ന ഈ കുടുംബത്തിന് നമ്മളാൽ കഴിയുന്ന സഹായം എത്തിക്കേണ്ടത് ഒരു പ്രവാസി എന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കുടുംബത്തെ സഹായിക്കുന്നതിനായി സുഹൃത്തുക്കളും പെർത്തിലെ മലയാളി സമൂഹവും ചേർന്ന് ഒരു ഗോഫണ്ട്മീ (GoFundMe) ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നമ്മൾ നൽകുന്ന ചെറിയൊരു തുക പോലും ആ മക്കളുടെ ഭാവിയിലേക്കും റിയയുടെ കണ്ണീരൊപ്പാനും വലിയൊരു സഹായമായി മാറും. ഈ സന്ദേശവും താഴെ നൽകിയിരിക്കുന്ന ലിങ്കും പരമാവധി പ്രവാസി ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കിടയിലും ഷെയർ ചെയ്ത് ആ കുടുംബത്തെ ഒന്നിച്ച് ചേർത്തുപിടിക്കാൻ സംഘാടകർ അഭ്യർത്ഥിച്ചു.
സഹായങ്ങൾ കൈമാറാനുള്ള ലിങ്ക്: 👉 https://gofund.me/00e8ed22e

