ന്യൂഡൽഹി: വിദേശപഠനത്തിനും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുമുള്ള ധനസഹായത്തെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി അധ്യക്ഷൻ അഭിജീത് ദിപ്കെ. തന്റെ വിദ്യാഭ്യാസത്തിന്റെയും ധനസഹായത്തിന്റെയും എല്ലാ വിവരങ്ങളും പരസ്യമാക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സംബന്ധിച്ച രേഖകൾ പുറത്തുവിടുന്നതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ബിരുദ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്കു മുന്നിൽ പ്രസിദ്ധീകരിക്കണമെന്ന് ദിപ്കെ ആവശ്യപ്പെട്ടു. “ഒരേ മാനദണ്ഡം എല്ലാവർക്കും ബാധകമാകണം” എന്നും അദ്ദേഹം പറഞ്ഞു.
അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സൂറത്തിലെ ഒരു വിവരാവകാശ പ്രവർത്തകൻ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പിതാവിന് മകന്റെ വിദേശപഠനച്ചെലവ് എങ്ങനെ വഹിക്കാനായെന്നായിരുന്നു ചോദ്യമുയർന്നത്.
ഇതിന് പിന്നാലെ തന്റെ പഠനച്ചെലവുമായി ബന്ധപ്പെട്ട രേഖകൾ ദിപ്കെ പുറത്തുവിട്ടു. ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്നതിനിടെ ഡീൻസ് സ്കോളർഷിപ്പായി മൂന്ന് സെമസ്റ്ററുകളിലായി ആകെ 37,500 യുഎസ് ഡോളർ ലഭിച്ചതിന്റെ രേഖകളാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ശേഷിച്ച പഠനച്ചെലവ് ബാങ്ക് വായ്പയിലൂടെയാണ് കണ്ടെത്തിയതെന്നും ആ വായ്പയുടെ തിരിച്ചടവ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
തന്റെ സാമ്പത്തിക ഇടപാടുകളിൽ സംശയമുള്ളവർക്ക് നിയമാനുസൃതമായി അന്വേഷണം നടത്താമെന്നും ഏത് അന്വേഷണ ഏജൻസിക്കും രേഖകൾ പരിശോധിക്കാമെന്നും ദിപ്കെ പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടിയായി രേഖകളാണ് താൻ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകളും പിഎം കെയർസ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

