സിഡ്നി: പ്രായപൂർത്തിയാകാത്ത പതിനേഴുകാരിയെ വിദേശത്തേക്ക് കടത്തി അതിക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ രണ്ട് പുരുഷന്മാർക്ക് തടവുശിക്ഷ വിധിച്ച് ഓസ്‌ട്രേലിയൻ കോടതി. ഇന്തോനേഷ്യയിലെ ചേരിപ്രദേശത്തുനിന്നും വ്യാജ വിസയും യാത്രാരേഖകളും ചമച്ച് ഓസ്‌ട്രേലിയയിലേക്ക് കടത്തിയ പെൺകുട്ടിയെ സിഡ്നി, ഗോസ്ഫോർഡ് എന്നിവിടങ്ങളിലെ വേശ്യാലയങ്ങളിലാണ് നിർബന്ധിത ലൈംഗിക തൊഴിലിന് ഇരയാക്കിയത്. ഒരു ഷിഫ്റ്റിൽ പത്തുപേർക്ക് വരെ ശാരീരികമായി വഴങ്ങേണ്ടി വന്ന പെൺകുട്ടിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളും ലൈംഗികരോഗബാധയും ഉണ്ടായതായി കോടതിയിൽ സമർപ്പിച്ച വികാരാധീനമായ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
‘ബാറ്റ്മാൻ’ എന്ന വ്യാജപ്പേരിൽ മനുഷ്യക്കടത്ത് സംഘത്തെ നയിച്ചിരുന്ന സൂര്യ സുബെക്തി (45) എന്നയാൾക്ക് ആറ് വർഷത്തിലധികം തടവുശിക്ഷയാണ് കോടതി വിധിച്ചത്. പെൺകുട്ടികളെ വേശ്യാലയങ്ങളിൽ എത്തിച്ചിരുന്ന ഡ്രൈവറായ എൽറ്റൻ വാലന്റീനോയ്ക്ക് (32) രണ്ട് വർഷവും എട്ട് മാസവുമാണ് ശിക്ഷ. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ഓസ്‌ട്രേലിയയിൽ എത്തിച്ചതെന്ന പ്രതികളുടെ വാദം ജഡ്ജി നിക്കോൾ നോമാൻ തള്ളി. ഓസ്‌ട്രേലിയൻ നിയമപ്രകാരം കുട്ടിക്ക് ഇതിന് സ്വയം സമ്മതം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാതെ പെൺകുട്ടിയുടെ സമ്പാദ്യം മുഴുവൻ കൈക്കലാക്കിയ പ്രതികൾ, ചൂതാട്ട കടങ്ങൾ വീട്ടാനാണ് മനുഷ്യക്കടത്ത് നടത്തിയതെന്ന് സമ്മതിച്ചു. 2024 മാർച്ചിൽ സിഡ്നിയിലെ ബാങ്ക്സിയയിൽ ഫെഡറൽ പോലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെയും മറ്റ് പത്ത് സ്ത്രീകളെയും തടങ്കലിൽ നിന്ന് മോചിപ്പിച്ചത്. ഇന്തോനേഷ്യൻ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ജക്കാർത്തയിലും ഇതേ സംഘത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം ചൈൽഡ് പ്രൊട്ടക്ഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തും.

