ധാക്ക: ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ മേഖലകളിൽ കനത്ത മൺസൂൺ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 44 ആയി. ഏഴ് ജില്ലകളിലായി 10 ലക്ഷത്തിലധികം പേർ ദുരിതത്തിലായതായി അധികൃതർ അറിയിച്ചു.
ചിറ്റഗോങ്, കോക്സ് ബസാർ, ബന്ദർബൻ, രംഗമതി, ഖഗ്രാചരി, മൗലവിബസാർ, ഹബിഗഞ്ച് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. 2.67 ലക്ഷത്തിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിലായതോടെ വൈദ്യുതിയും ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുകയാണ്. സൈന്യവും നാവികസേനയും ബോട്ടുകൾ ഉപയോഗിച്ച് ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നുകളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ആയിരക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കോക്സ് ബസാറിലെ റോഹിങ്ക്യ അഭയാർഥി ക്യാമ്പുകളിലും മണ്ണിടിച്ചിലുണ്ടായി നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരാൻ ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

