പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് കഴിയണം; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: ഇന്നത്തെ മത്സരലോകത്ത് പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി ടി.ജെ. വിനോദ് എം.എൽ.എ ഏർപ്പെടുത്തിയ ‘മികവ് 2026’ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഠിനാധ്വാനവും അച്ചടക്കവുമാണ് ജീവിതത്തിലെ ഉന്നത വിജയങ്ങളുടെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ കരുത്താണ് മലയാളികളെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ജീവിതത്തിൽ ‘ഇംപോസിബിൾ’ എന്ന വാക്കിന് സ്ഥാനമില്ലെന്നും എല്ലാറ്റിനെയും എങ്ങനെ ‘പോസിബിൾ’ ആക്കി മാറ്റാമെന്നാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉപദേശങ്ങൾ സ്വീകരിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം. നേട്ടങ്ങൾ കൈവരിക്കുമ്പോഴും സമൂഹത്തിലെ പാവപ്പെട്ടവരെയും സാധുക്കളെയും ഓർക്കാനും, അവരുടെ മുഖത്ത് പുഞ്ചിരി വിടർത്താനും കഴിയുന്നതാണ് യഥാർത്ഥ ജീവിതവിജയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ മഹാ യജ്ഞത്തിൽ വിദ്യാർത്ഥികൾ ‘തൂഫാൻ വാരിയേഴ്‌സ്’ ആയി അണിനിരക്കണമെന്നും, ലഹരിവസ്തുക്കൾ ഒരിക്കലും ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഹൈബി ഈഡൻ എം.പി വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിദ്യാർത്ഥികളുടെ അക്കാദമിക മികവിനെ ആദരിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മികവ് 2026’ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശക്തമായ ബോധവത്കരണ സന്ദേശം നൽകിക്കൊണ്ട് മാന്ത്രികൻ സാമ്രാജിന്റെ പ്രത്യേക മാജിക് ഷോ അരങ്ങേറി. എറണാകുളം നിയോജക മണ്ഡലത്തിലെ 1500-ൽ അധികം വിദ്യാർത്ഥികൾ അവാർഡ് ഏറ്റുവാങ്ങി. പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ സർക്കാർ വിദ്യാലയങ്ങൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *