ചൈനയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടിത്തം; 14 പേർ മരിച്ചു, 25 പേർ ആശുപത്രിയിൽ

ബെയ്ജിങ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള തായ്‌യുവാൻ നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

നഗരത്തിലെ തിരക്കേറിയ പ്രദേശത്തുള്ള 40 നിലകളുള്ള ഹോഷെങ് ഇന്റർനാഷണൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 4.59ഓടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അനുബന്ധ ഭാഗത്തുനിന്ന് തീ പടർന്നതായാണ് പ്രാഥമിക വിവരം. പിന്നീട് തീ എട്ടും ഒൻപതും നിലകളിലേക്ക് വ്യാപിച്ചു. ഇവിടെ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ഏകദേശം രണ്ടുമണിക്കൂറിനുശേഷം തീ നിയന്ത്രണവിധേയമാക്കി. രാത്രി 8.30ഓടെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട 38 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രി അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണസംഖ്യ 14 ആയി ഉയർന്നു.

അപ്പാർട്ട്മെന്റുകൾക്കു പുറമേ ഹോട്ടലുകൾ, ഹ്രസ്വകാല താമസസൗകര്യങ്ങൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, കുട്ടികൾക്കായുള്ള പഠനകേന്ദ്രങ്ങൾ എന്നിവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ചൈനയിൽ അടുത്തകാലത്തായി ഉയർന്ന കെട്ടിടങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും ഉണ്ടായ തീപിടിത്തങ്ങൾ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഹോങ്കോങ്ങിലെ കെട്ടിടസമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 168 പേർ മരിച്ചിരുന്നു. തുടർന്ന് ഉയരം കൂടിയ കെട്ടിടങ്ങളിലെ അഗ്നിസുരക്ഷ ഉറപ്പാക്കാൻ ചൈന പരിശോധനാ നടപടികൾ ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *