ഇ-20 ഇന്ധന ഗുണനിലവാരം; പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി

കൊച്ചി: വിപണിയിൽ വിതരണം ചെയ്യുന്ന ഇ-20 പെട്രോളിൽ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന പരാതികളെത്തുടർന്ന് എറണാകുളം ജില്ലയിലെ പെട്രോൾ പമ്പുകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ വ്യാപക പരിശോധന. സർക്കാർ നിർദേശത്തെത്തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് വിവിധ ഇന്ധന പമ്പുകളിൽ മിന്നൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചത്.

ഒരു ലിറ്റർ വീതമുള്ള ആറ് കാനുകളിലായാണ് ഓരോ പമ്പിൽ നിന്നും സീൽ ചെയ്ത സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ രണ്ട് കാനുകൾ വിദഗ്ധ ഗുണനിലവാര പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലേക്ക് അയച്ചു. ബാക്കി നാല് കാനുകളിൽ രണ്ടെണ്ണം പമ്പുകളിലും രണ്ടെണ്ണം സപ്ലൈ ഓഫീസിലും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഇ-20 മാനദണ്ഡങ്ങൾ ഇന്ധനത്തിൽ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും എഥനോളിന്റെ അളവ് 20 ശതമാനത്തിൽ അധികമാണോയെന്നുമാണ് ലബോറട്ടറിയിൽ പരിശോധിക്കുന്നത്. പെട്രോളിൽ എഥനോളിന്റെ അളവ് കൂടുമ്പോൾ വാഹനങ്ങളുടെ മൈലേജിനെയും എഞ്ചിൻ ശേഷിയെയും ദോഷകരമായി ബാധിക്കുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് നിർദേശം നൽകിയത്.

ജില്ലാ സപ്ലൈ ഓഫീസർ വി.ആർ. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ മരിന ജോൺ, സിന നന്ദൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ പദ്മകുമാർ, രേഖ റെയ്ച്ചൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും മാനദണ്ഡങ്ങൾ ലംഘിക്കുന്ന പമ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *