അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ ഉരുക്കുനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും 10 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇസ്മിർ പ്രവിശ്യയിലെ അല്യാഗ ജില്ലയിലുള്ള ഹബാസ് (HABAS) ഇരുമ്പ്, ഉരുക്ക് നിർമാണശാലയിലാണ് തിങ്കളാഴ്ച അപകടമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 11.46ഓടെയായിരുന്നു സ്ഫോടനം. ശാലയിൽ ബോയിലർ മാറ്റിസ്ഥാപിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന ക്രെയിൻ തകർന്ന് ഉരുക്കുരുക്കുന്ന ചൂളയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് സ്ഫോടനവും തീപിടിത്തവുമുണ്ടായി. ഫാക്ടറിയിൽനിന്ന് കനത്ത പുകയും തീയും ഉയർന്നത് സമീപവാസികളിലും പരിഭ്രാന്തിയുണ്ടാക്കി.
അപകടസമയത്ത് ഫാക്ടറിയിൽ 200ഓളം തൊഴിലാളികളുണ്ടായിരുന്നു. സാധാരണ ഉൽപ്പാദന സമയത്ത് 300ലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യാറുണ്ട്. സ്ഫോടനത്തിൽ തകർന്ന ഭാഗങ്ങളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
സംഭവത്തിൽ ജുഡീഷ്യൽ, ഭരണപരമായ അന്വേഷണം ആരംഭിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ അറിയിച്ചു. അപകടത്തിന് പിന്നിൽ വീഴ്ചയോ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമോ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നാല് പ്രോസിക്യൂട്ടർമാരെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഫാക്ടറിയിൽ നേരത്തെയും തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചിട്ടുണ്ടെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏഴിലധികം തൊഴിലാളികൾ വിവിധ അപകടങ്ങളിൽ മരിച്ചതായും സംഘടനകൾ ചൂണ്ടിക്കാട്ടി. അപകടത്തെ തുടർന്ന് തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളും ശക്തമായിട്ടുണ്ട്.

