തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് തുടക്കമാകും. മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും, ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാം. രാവിലെ 10 മണി മുതൽ ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ജൂലൈ 15 വൈകിട്ട് അഞ്ചു മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം.
അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in-ൽ ഇന്ന് രാവിലെ ഒൻപത് മണി മുതൽ ഒഴിവുകൾ ലഭ്യമാകും. ഈ ഒഴിവുകൾ പരിശോധിച്ച് വേണം വിദ്യാർത്ഥികൾ പുതിയ ഓപ്ഷനുകൾ നൽകാൻ.
പ്രത്യേകം ശ്രദ്ധിക്കാൻ:
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ, മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും ചേരാതിരുന്നവർ (നോൺ ജോയിനിങ്), പ്രവേശനം റദ്ദാക്കിയവർ, ടി.സി വാങ്ങിയവർ എന്നിവർക്ക് ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലെ “RENEW APPLICATION” എന്ന ലിങ്ക് വഴി അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ നൽകണം.
ഇതുവരെ അപേക്ഷ നൽകാത്തവർ “Create Candidate Login-SWS” എന്ന ലിങ്ക് വഴി ലോഗിൻ സൃഷ്ടിച്ച ശേഷം “APPLY ONLINE” വഴി അപേക്ഷ സമർപ്പിക്കണം.
വിവരങ്ങൾ തെറ്റായതിനെത്തുടർന്ന് നേരത്തെ അലോട്ട്മെന്റ് നിരാകരിക്കപ്പെട്ടവർക്ക് അപേക്ഷയിലെ പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പിഴവുകൾ തിരുത്തുമ്പോൾ അത്യന്തം ശ്രദ്ധിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.
മെറിറ്റ് ക്വാട്ടയ്‌ക്കൊപ്പം മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകളും ഇതോടൊപ്പം സമർപ്പിക്കാവുന്നതാണ്. പ്രസിദ്ധീകരിച്ചിട്ടുള്ള ഒഴിവുകളിലേക്ക് മാത്രമേ ഓപ്ഷനുകൾ നൽകാൻ കഴിയുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

