ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുന്നു; ചരക്കുകൾക്ക് 20% സുരക്ഷാ നികുതി ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) സുരക്ഷാ ചുമതല അമേരിക്ക പൂർണ്ണമായി ഏറ്റെടുക്കുകയാണെന്നും, ഇതിന് പകരമായി ഈ വഴി കടന്നുപോകുന്ന എല്ലാ ചരക്കുകൾക്കും 20 ശതമാനം തുക സുരക്ഷാ ചെലവിലേക്കായി ഈടാക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായുള്ള സൈനിക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ നിർണായക നീക്കം.


ഇനിമുതൽ യു.എസ് ‘ഹോർമുസ് ഇടുക്കിന്റെ രക്ഷകൻ’ (Guardian of the Hormuz Strait) എന്ന് അറിയപ്പെടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കി. ഈ മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ യു.എസ് സൈന്യത്തെ നിയോഗിക്കുന്നതിനുള്ള ചെലവ് സമ്പന്ന രാജ്യങ്ങൾ നൽകണമെന്നും, ദശകങ്ങളായി അമേരിക്ക ഇവിടെ സൗജന്യമായാണ് സുരക്ഷയൊരുക്കിയിരുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.


ഇറാൻ കപ്പലുകളെയും അവരുടെ ഉപഭോക്താക്കളെയും മാത്രം തടയുന്ന തരത്തിലുള്ള ഉപരോധം യു.എസ് പുനഃസ്ഥാപിക്കും. എന്നാൽ മറ്റ് രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്ക് ഈ പാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാം. അതിനാണ് 20 ശതമാനം തുക ഈടാക്കുന്നത്.

അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു. ഹോർമുസ് ഇടുക്കിന്റെ നിയന്ത്രണത്തിൽ ഇടപെടാൻ യു.എസിനെ അനുവദിക്കില്ലെന്നും ഇറാന്റെ അനുമതിയില്ലാതെ കടന്നുപോകാൻ ശ്രമിക്കുന്ന യു.എസ് സൈനിക നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഇറാന്റെ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. കൂടാതെ അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളുടെ നടപടി തങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ആകെ എണ്ണ-വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള കപ്പൽപ്പാതയാണിത്.

യു.എസിന്റെ ഈ പുതിയ നീക്കം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുന്നതിനും ആഗോള സാമ്പത്തിക മേഖലയിൽ പുതിയ പ്രതിസന്ധികൾക്കും കാരണമായേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും ഇത് കാര്യമായി ബാധിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *