ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ച സംഭവം; പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങുന്ന ഉള്ളടക്കങ്ങളും പരസ്യങ്ങളും വ്യാപകമായി പ്രചരിച്ച സംഭവത്തിൽ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ വനിതാ-ശിശുവികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം അടിയന്തരമായി കത്തയച്ചു. കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന ഇത്തരം ക്രൂരമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നവർക്കും അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കും എതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

നിലവിലുള്ള ഐടി നിയമങ്ങൾ മാത്രം ഉപയോഗിച്ച് ഇത്തരം ദൃശ്യങ്ങൾ നിർമിക്കുന്ന കുറ്റവാളികൾക്കെതിരെ പൂർണ്ണമായ രീതിയിൽ നിയമനടപടി സ്വീകരിക്കുന്നതിന് ചില പ്രായോഗിക പരിമിതികളുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിനാൽ രാജ്യത്തെ പോക്സോ നിയമം കൂടുതൽ കർശനമാക്കണമെന്നും ഇത്തരം ഡിജിറ്റൽ കുറ്റകൃത്യങ്ങളെക്കൂടി ശക്തമായി നേരിടാൻ പാകത്തിൽ നിയമ ഭേദഗതികൾ വരുത്തണമെന്നും ഐടി മന്ത്രാലയം വനിതാ-ശിശുവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇൻസ്റ്റഗ്രാമിൽ പണം നൽകി പ്രചരിപ്പിക്കുന്ന ചില പരസ്യങ്ങളിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട സൂചനകളും ദൃശ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ചില പരസ്യങ്ങളിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നേരിട്ട് നയിക്കുന്ന കോഡ് വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും, ഇവ വഴി ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഒരു വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് നിർമിച്ച്, അതിന്റെ അൽഗോരിതത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചാണ് സംഘം ഈ വിവരങ്ങൾ ശേഖരിച്ചത്. ഇത്തരം ചില സംശയകരമായ അക്കൗണ്ടുകൾ ഫോളോ ചെയ്തതിന് പിന്നാലെ ഉപയോക്താക്കൾ ആവശ്യപ്പെടാതെ തന്നെ അശ്ലീല ഉള്ളടക്കങ്ങളും കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന മുപ്പതോളം പരസ്യങ്ങളും ഇൻസ്റ്റഗ്രാം അൽഗോരിതം നേരിട്ട് ശുപാർശ ചെയ്തതായി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

സംഭവം ആഗോളതലത്തിൽ വലിയ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ മെറ്റ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ പരസ്യങ്ങൾക്ക് തങ്ങൾ ബോധപൂർവം ഒരിടത്തും അനുമതി നൽകിയിട്ടില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് തന്നെയാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും മെറ്റ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. 2025ൽ മാത്രം ഇത്തരത്തിൽ സംശയകരമായ രീതിയിൽ പ്രവർത്തിച്ചതും കുട്ടികൾക്ക് ഭീഷണിയുയർത്തിയതുമായ 40 ലക്ഷത്തോളം അക്കൗണ്ടുകൾ തങ്ങൾ നിരോധിച്ചിട്ടുണ്ടെന്നും, ഈ ഭീഷണിയെ പൂർണ്ണമായി പ്രതിരോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മെറ്റ കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *