അമേരിക്കയിൽ വിദേശ വിദ്യാർഥി വിസയ്ക്ക് നാലുവർഷ പരിധി; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികളുടെ വിസാ സംവിധാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം വിദ്യാർഥി (F) വിസയുടെയും എക്സ്ചേഞ്ച് വിസിറ്റർ (J) വിസയുടെയും പരമാവധി കാലാവധി നാല് വർഷമായി നിശ്ചയിക്കും. നിലവിൽ പഠനപരിപാടി പൂർത്തിയാകുന്നതുവരെയാണ് ഇത്തരം വിസകൾ സാധാരണ അനുവദിച്ചിരുന്നത്.

പുതിയ ചട്ടങ്ങൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചതിന് 60 ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വരും. പഠനപരിപാടി നാല് വർഷത്തിൽ കൂടുതൽ നീളുന്നവർക്ക് കാലാവധി നീട്ടാൻ പ്രത്യേകം അപേക്ഷിക്കേണ്ടിവരും.

ബിരുദാനന്തര വിദ്യാർഥികൾക്ക് അനുമതിയില്ലാതെ പഠനലക്ഷ്യമോ വിദ്യാഭ്യാസ സ്ഥാപനമോ മാറ്റാനാകില്ലെന്നും പുതിയ ചട്ടത്തിൽ പറയുന്നു. പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്ക വിടാനുള്ള ഗ്രേസ് പീരിയഡ് 60 ദിവസത്തിൽ നിന്ന് 30 ദിവസമായി ചുരുക്കുകയും ചെയ്തിട്ടുണ്ട്.

വിദേശ മാധ്യമപ്രവർത്തകരുടെ (I) വിസയുടെ കാലാവധിയും പരമാവധി 240 ദിവസമായി പരിമിതപ്പെടുത്തി. ചൈനീസ് മാധ്യമപ്രവർത്തകർക്കുള്ള പരമാവധി കാലാവധി 90 ദിവസമായിരിക്കും.

അന്തർദേശീയ വിദ്യാർഥികളുടെയും മറ്റ് വിസാ വിഭാഗങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചതിനാൽ മേൽനോട്ടം ശക്തമാക്കുന്നതിനാണ് പുതിയ നടപടിയെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) വ്യക്തമാക്കി. എന്നാൽ സർവകലാശാലകളും കുടിയേറ്റ വിദഗ്ധരും പുതിയ ചട്ടങ്ങൾ വിദേശ വിദ്യാർഥികൾക്ക് അധിക ഭരണപരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അമേരിക്കയിലേക്കുള്ള അന്തർദേശീയ വിദ്യാർഥികളുടെ ഒഴുക്ക് കുറയാൻ സാധ്യതയുണ്ടെന്നും വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *