വിക്ടോറിയയിൽ ബസ് യാത്ര ഇനി കൂടുതൽ എളുപ്പം; ‘ടാപ്പ് ആൻഡ് ഗോ’ സംവിധാനം വരുന്നു

മെൽബൺ: വിക്ടോറിയയിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ലളിതവും എളുപ്പവുമാക്കിക്കൊണ്ട് ബസുകളിലും ‘ടാപ്പ് ആൻഡ് ഗോ’ സംവിധാനം നിലവിൽ വരുന്നു. ജൂലൈ 26 ഞായറാഴ്ചയോടെ സംസ്ഥാനത്തെ 2,500-ലധികം മൈക്കി (myki) കാർഡ് വഴി പ്രവർത്തിക്കുന്ന ബസുകളിൽ ഈ പുതിയ സംവിധാനം പൂർണ്ണമായും സജ്ജമാകും. ബാങ്ക് കാർഡുകളോ സ്മാർട്ട്ഫോണുകളോ ഉപയോഗിച്ച് ഇനി മുതൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് അടയ്ക്കാമെന്നത് യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

ഘട്ടം ഘട്ടമായാണ് പുതിയ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. വരുന്ന ഞായറാഴ്ച മുതൽ ബല്ലാറാട്ട്, ബെൻഡിഗോ, സെയ്‌മൂർ, ഗീലോംഗ്, ട്രറാൽഗൺ, വാറാഗുൽ, ബാക്കസ് മാർഷ്, സൺബറി, ബെർവിക്ക്, ക്രാൻബോൺ, യാര വാലി എന്നിവിടങ്ങളിലെ ബസ് റൂട്ടുകളിൽ ‘ടാപ്പ് ആൻഡ് ഗോ’ സംവിധാനം ആരംഭിക്കും. തുടർന്ന് ജൂലൈ 26-നകം മെൽബണിലുടനീളമുള്ള എല്ലാ ബസ് റൂട്ടുകളിലും ഇത് ലഭ്യമാകും. ട്രെയിനുകൾക്കും ട്രാമുകൾക്കും പിന്നാലെയാണ് ഇപ്പോൾ ബസുകളിലും ഈ സേവനം ലഭ്യമാക്കുന്നത്. പുതിയ സംവിധാനം പൂർണ്ണമായി സജ്ജമാകുന്നതുവരെ യാത്രക്കാർക്ക് മൈക്കി കാർഡുകൾ കൈവശം വെക്കാവുന്നതാണ്. വിസ (Visa) അല്ലെങ്കിൽ മാസ്റ്റർകാർഡ് (Mastercard) ലോഗോ ഉള്ള ടിക്കറ്റ് റീഡറുകളിലാണ് ഈ സംവിധാനം ലഭ്യമാകുക.

കഴിഞ്ഞ മാർച്ചിൽ ഈ സംവിധാനത്തിന്റെ ട്രയൽ ആരംഭിച്ചതിനുശേഷം ഇതുവരെ 2.3 ദശലക്ഷത്തിലധികം ‘ടാപ്പ് ആൻഡ് ഗോ’ യാത്രകൾ നടന്നിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിക്ടോറിയക്കാർക്ക് ഗതാഗതം കൂടുതൽ എളുപ്പമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് പബ്ലിക് ആൻഡ് ആക്ടീവ് ട്രാൻസ്‌പോർട്ട് ആക്ടിംഗ് മന്ത്രി നിക്ക് സ്റ്റൈക്കോസ് പറഞ്ഞു. അതേസമയം, സൗജന്യ യാത്രയോ നിരക്കിളവുകളോ ലഭിക്കുന്നവർ, മുതിർന്ന പൗരന്മാർ (Seniors), 18 വയസ്സിന് താഴെയുള്ളവർ എന്നിവർ അവരുടെ കൺസെഷൻ അല്ലെങ്കിൽ സൗജന്യ യൂത്ത് മൈക്കി കാർഡുകൾ (Youth myki) തന്നെ തുടർന്നും ഉപയോഗിക്കേണ്ടതാണ്. മൈക്കി കാർഡുകൾ ഉപയോഗിക്കാൻ താല്പര്യമുള്ള മറ്റ് യാത്രക്കാർക്ക് അതിനുള്ള സൗകര്യവും തുടർന്നുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *