ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 13-കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും ബാലവിവാഹത്തിനും ഇരയാക്കിയ കേസിൽ പാക് ഫെഡറൽ ഭരണഘടനാ കോടതി മുൻവിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചു. കേസിന്റെ ആദ്യ വാദം ഈ മാസം 24-ന് നടക്കും.
2025 ജൂലൈയിൽ ലാഹോറിൽ നിന്ന് തട്ടിക്കൊണ്ടുപോയ മരിയ ഷഹബാസിനെ 30-കാരനായ ഷെഹ്രയാർ അഹമ്മദിനൊപ്പം വിടാൻ കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. ജനന സർട്ടിഫിക്കറ്റടക്കമുള്ള രേഖകൾ അവഗണിച്ച് ശാരീരിക രൂപം മാത്രം അടിസ്ഥാനമാക്കി പ്രായം വിലയിരുത്തിയായിരുന്നു അന്നത്തെ വിധി. ഇതിനെതിരെ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന അലൈൻസ് ഡിഫെൻഡിംഗ് ഫ്രീഡം (ADF) ഇന്റർനാഷണലിന്റെ പിന്തുണയോടെയാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത്. വിഷയത്തിൽ യൂറോപ്യൻ പാർലമെന്റും ഇടപെട്ട് പെൺകുട്ടിയെ ഉടൻ കുടുംബത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
പാക്കിസ്ഥാനിൽ ഓരോ വർഷവും ആയിരത്തിലധികം ന്യൂനപക്ഷ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിനും ബാലവിവാഹത്തിനും ഇരയാകുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. മരിയയുടെ കേസിൽ അനുകൂല വിധിയുണ്ടായാൽ ഇത്തരം കേസുകളിൽ നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്താൻ അത് നിർണായക മാതൃകയാകുമെന്ന് എഡിഎഫ് ഇന്റർനാഷണൽ ഡയറക്ടർ കെൽസി സോർസി പ്രതികരിച്ചു.
യൂണിസെഫിന്റെ കണക്കുകൾ പ്രകാരം ഈ ദശകത്തിൽ ലോകമെമ്പാടുമായി ഏകദേശം 10 കോടി പെൺകുട്ടികൾ ബാലവിവാഹ ഭീഷണി നേരിടുന്നുണ്ട്. കോവിഡ് മഹാമാരിക്കുശേഷം വർധിച്ച ദാരിദ്ര്യവും വിദ്യാഭ്യാസത്തിലെ തടസ്സങ്ങളുമാണ് ഈ സാഹചര്യം രൂക്ഷമാക്കിയ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

