കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്കെതിരെ ട്രംപിന്റെ നീക്കം; ഇന്ത്യൻ ഡ്രൈവർമാർക്കും ആശങ്ക

വാഷിങ്ടൺ: അമേരിക്കയിൽ കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്കെതിരെ കൂടുതൽ കർശന നടപടികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃതമായി ജോലി ചെയ്യുന്ന കുടിയേറ്റ ട്രക്ക് ഡ്രൈവർമാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും ഒഴിവാകുന്ന തസ്തികകളിൽ സൈനിക വിമുക്തഭടൻമാർക്ക് കൂടുതൽ അവസരം നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് ട്രക്കിങ് മേഖലയിലെ വലിയ സാന്നിധ്യമുള്ള പഞ്ചാബി വംശജർ തൊഴിൽ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ഉൾപ്പെടെ ട്രക്കിങ് മേഖലയിലെ ചട്ടങ്ങൾ ട്രംപ് ഭരണകൂടം സമീപകാലത്ത് കൂടുതൽ കർശനമാക്കിയിരുന്നു. പുതിയ പ്രഖ്യാപനവും കുടിയേറ്റ തൊഴിലാളികൾക്ക് മേലുള്ള സമ്മർദം വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ് നടപടികളെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *