വായനശാലാ വിപ്ലവം തിരിച്ചുപിടിക്കണം: ജില്ലാ കളക്ടർ ജി. പ്രിയങ്ക

കൊച്ചി: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്തത്രയും വലിയൊരു സാംസ്കാരിക മുന്നേറ്റമായിരുന്നു കേരളത്തിലെ വായനശാലാ വിപ്ലവമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക അഭിപ്രായപ്പെട്ടു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച വായന മാസാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചടങ്ങിൽ പുസ്തകാസ്വാദന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും കളക്ടർ നിർവഹിച്ചു.

പുസ്തകങ്ങൾക്ക് പകരമായി മൊബൈൽ സ്ക്രീനുകൾ മാറുമ്പോൾ, നമ്മുടെ അഭിമാനമായിരുന്ന വായനശാലാ പ്രസ്ഥാനങ്ങൾ പതുക്കെ വിസ്മൃതിയിലാവുകയാണെന്ന് കളക്ടർ ആശങ്ക പ്രകടിപ്പിച്ചു. വായനാശീലം ശക്തമായി തിരിച്ചുപിടിക്കേണ്ടത് ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതമാണ്. മാതൃഭാഷ കൃത്യമായി മനസ്സിലാക്കാനും ആശയവിനിമയ ശേഷിയും ഭാവനയും വർദ്ധിപ്പിക്കാനും വായനയോളം പോന്ന മറ്റൊരു മാർഗ്ഗവുമില്ല.

ശാസ്ത്രീയമായി നോക്കിയാൽ, പുസ്തക വായന തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ന്യൂറോൺ കണക്ഷനുകളെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള വലിയൊരു വിജ്ഞാനശേഖരമാണ് വായനയിലൂടെ ഓരോരുത്തരിലേക്കും നേരിട്ടെത്തുന്നത്. നല്ല പുസ്തകങ്ങൾ കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും ഇതര മാനസികാരോഗ്യ പ്രശ്നങ്ങൾക്കും മികച്ചൊരു സ്വയംചികിത്സയായി മാറും. അതുകൊണ്ട് മൊബൈൽ സ്ക്രീനുകളുടെ ലോകത്ത് നിന്ന് പുസ്തകങ്ങളുടെ താളുകളിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, പ്രാദേശിക വായനശാലകളെ വീണ്ടും സജീവമാക്കിക്കൊണ്ട് വായനാ വിപ്ലവകാലം നമുക്ക് ഒരുമിച്ച് തിരികെപ്പിടിക്കാമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ എറണാകുളം സെൻ്റ് തെരേസാസ് സി.ജി.എച്ച്.എസ് സ്കൂളിലെ ഡോ. കെ.പി. രജനി ഒന്നാം സ്ഥാനവും, തൃക്കാക്കര എസ്.എൻ.യു.പി സ്കൂളിലെ സ്മിതാ ഗോപിനാഥ് രണ്ടാം സ്ഥാനവും നേടി. കാക്കനാട് അനലിറ്റിക്കൽ ലാബിലെ ജൂനിയർ റിസർച്ച് ഓഫീസർ എം.കെ. കേശവൻ നമ്പൂതിരി, മലയാറ്റൂർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാബു തോമസ് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *