ഹൈദരാബാദ്: ഇന്ത്യയിൽ കൊവിഡ് മഹാമാരിയുടെ ഭീകര തരംഗങ്ങൾ അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് കനത്ത ആശങ്കയ്ക്ക് കാരണമാകുന്നു. ആന്ധ്രപ്രദേശിൽ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ജൂൺ 26-നും ജൂലൈ 16-നും ഇടയിലുള്ള കാലയളവിൽ ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിൽ ജൂലൈ ഒന്നിന് ശേഷം രാജ്യത്തുടനീളം 339 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് കേരളത്തിലാണെന്ന (115 കേസുകൾ) ദേശീയ ആരോഗ്യ വിവരവും പുറത്തുവന്നിട്ടുണ്ട്. കേരളത്തിന് തൊട്ടുപിന്നിൽ കർണാടകയും മഹാരാഷ്ട്രയുമാണുള്ളത്. പുതിയ കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

