ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന കേസിനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതൊരു ലളിതമായ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന കേസ് മാത്രമാണെന്നും, ഇതിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കുക മാത്രമാണ് കോടതിയുടെ ചുമതലയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശം. കേസിൽ സി.ബി.ഐ അന്വേഷണം, ഫോറൻസിക് ഓഡിറ്റ്, കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ഓഡിറ്റ് എന്നിവ ആവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കോടതികൾ രാഷ്ട്രീയം പറയേണ്ട സ്ഥലമല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, വിഷയത്തിൽ കക്ഷികളോട് രാഷ്ട്രീയ താല്പര്യങ്ങൾ കലർത്തരുതെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് നിർദ്ദേശം തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ, കേസിൽ ഇതിനകം തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് പോലീസാണ് നിലവിൽ കേസ് അന്വേഷിക്കുന്നതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ തട്ടിയെടുത്ത 80 ലക്ഷത്തോളം രൂപ കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് കേസ് അന്വേഷണം കൂടുതൽ ഊർജ്ജിത മായത്. വിവാദങ്ങളെത്തുടർന്ന് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവർ രാജി വെച്ചിരുന്നു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സാമ്പത്തിക രേഖകളും ഭരണപരമായ നടപടിക്രമങ്ങളും കൂടുതൽ വിശദമായി പരിശോധിക്കാൻ എസ്.ഐ.ടി കൂടുതൽ സമയം തേടിയിട്ടുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിലെ സംഭാവന ശേഖരണം, എണ്ണൽ, ഭരണസംവിധാനം എന്നിവയിൽ വരുത്തേണ്ട പരിഷ്കാരങ്ങളും ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്തേക്കും. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ 27-ലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് എസ്.ഐ.ടി അന്വേഷണത്തിന്റെ പുരോഗതി ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിക്കും.

