ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ദി ഒഡീസി’ (The Odyssey) തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് റിലീസ് ദിനം മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ‘സീതാ സ്വയംവര’വുമായി അതിശയകരമായ സാമ്യം പുലർത്തുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചകൾ വ്യക്തമാക്കുന്നത്.
ചിത്രത്തിൽ പെനെലോപ് (ആൻ ഹാത്വേ) തന്റെ ഭർത്താവായ ഒഡീഷ്യസിനെ (മാറ്റ് ഡാമൻ) കാണാതായതിനെ തുടർന്ന് പുതിയൊരു വരനെ തിരഞ്ഞെടുക്കാൻ ഒരു കടുത്ത പരീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്. ഒഡീഷ്യസിന് മാത്രം വണക്കാൻ കഴിയുന്ന ഒരു കൂറ്റൻ വില്ല് വണക്കുക, അതിനുശേഷം ആ വില്ലിൽ നിന്ന് തൊടുത്തുവിടുന്ന അമ്പ് ഒരേസമയം 12 കോടാലികളുടെ തലപ്പുകളിലൂടെ തുളച്ചുകടത്തുക എന്നതാണ് ആ പരീക്ഷണം. ഈ രംഗം രാമായണത്തിൽ ശ്രീരാമൻ ശിവധനുസ്സ് വണക്കി സീതയെ വിവാഹം കഴിക്കുന്ന സ്വയംവര രംഗവുമായി ഏറെ സാമ്യമുള്ളതാണെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ‘ക്രിസ്റ്റഫർ നോളൻ ജയ് ശ്രീറാം വിളിക്കുന്നു’ എന്ന തരത്തിലുള്ള രസകരമായ ട്രോളുകളും മീമുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) വൈറലായിക്കഴിഞ്ഞു.

