കേരളം പാടുന്നു ദേശത്തിനായ്; കോഴിക്കോട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാരും വനമ്പാടികളും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന ദേശീയോദ്ഗ്രഥന പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കല്ലുത്താൻ കടവ് പാളയം ന്യൂ വെജിറ്റബിൾ മാർക്കറ്റ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ അഡ്വ. ഫാത്തിമ തഹ്‌ലിയ MLA ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന ഓഗസ്റ്റ് 15-ന് പതിനായിരം ഗായകർ അണിനിരക്കുന്ന വൻകിട ലോക റെക്കോർഡ് പ്രകടനത്തിനാണ് ഈ പരിപാടിയിലൂടെ വേദിയൊരുങ്ങുന്നത്.

‘കേരളം പാടുന്നു ദേശത്തിനായ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത്തായ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങിൽ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ പുതിയറ വാർഡ് കൗൺസിലർ ബിന്ദു ഉദയകുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ, കലാശാല ഷീബ ടീച്ചർ, രാജാ തിയേറ്റർ ദിനേശ്, പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ഡോ. എം. കെ. മുനീർ, പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ആശംസ സന്ദേശങ്ങൾ അയച്ചു. ഉദ്ഘാടന യോഗത്തിന് മുന്നോടിയായി രാവിലെയും ഉച്ചയ്ക്കും ഗായകർക്കായുള്ള പ്രത്യേക പരിശീലന പരിപാടികൾ നടന്നിരുന്നു. യോഗത്തിന് ശേഷം നൂറിലധികം ഗായകർ അണിനിരന്ന പ്രൗഢഗംഭീരമായ ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *