ന്യൂഡൽഹി: ദേശീയ ഗാനത്തിനും ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും നൽകിയിട്ടുള്ള അതേ നിയമപരമായ പദവിയും പരിരക്ഷയും രാജ്യത്തിന്റെ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിനും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ നിയമനിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമെൻഡ്മെന്റ്) ബിൽ, 2026’ ആണ് ഈ പുതിയ നീക്കത്തിന് പിന്നിൽ.
വന്ദേമാതരം ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ, ഗാനത്തെ അപമാനിക്കുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി ബിൽ. നിലവിലുള്ള 1971-ലെ നിയമപ്രകാരം ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് മാത്രമേ ശിക്ഷാ വ്യവസ്ഥകൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ ഭേദഗതിയിലൂടെ വന്ദേമാതരത്തെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയാണ് സർക്കാർ.
പുതിയ ബില്ലിലെ നിർദ്ദേശങ്ങൾ പ്രകാരം, വന്ദേമാതരം പാടുന്നത് മനഃപൂർവ്വം തടയുന്നവർക്കോ അല്ലെങ്കിൽ അത് ആലപിക്കുന്ന ചടങ്ങുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കോ മൂന്ന് വർഷം വരെ തടവുശിക്ഷയോ, പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം. മാത്രമല്ല, ഇതേ കുറ്റം ആവർത്തിക്കുന്ന വ്യക്തികൾക്ക് ചുരുങ്ങിയത് ഒരു വർഷത്തെ തടവുശിക്ഷ നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.
1950 ജനുവരി 24-ന് ഭരണഘടനാ അസംബ്ലിയിൽ വെച്ച് പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് നടത്തിയ പ്രസ്താവനയിൽ, സ്വാതന്ത്ര്യ സമരത്തിൽ വന്ദേമാതരം വഹിച്ച ചരിത്രപരമായ പങ്ക് കണക്കിലെടുത്ത് ഇതിനെ ജനഗണമനയ്ക്ക് തുല്യമായി ആദരിക്കണമെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ ഈ നിയമനിർമ്മാണത്തിന് മുതിരുന്നത്.
രാജ്യത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും സിവിൽ ബഹുമതികൾ നൽകുന്ന പരിപാടികളിലും ജനഗണമന ആലപിക്കുന്നതിന് മുൻപ് വന്ദേമാതരം പൂർണ്ണരൂപത്തിൽ നിർബന്ധമായും ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഉൾപ്പെടുന്ന 3.10 മിനിറ്റ് ദൈർഘ്യമുള്ള പൂർണ്ണരൂപം തന്നെ പാടണമെന്നാണ് നിർദ്ദേശം. 1937-ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ചില വിഭാഗങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമായി ചുരുക്കിയത് ചരിത്രപരമായ വിഭജനത്തിന് കാരണമായെന്ന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചിരുന്നു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ ബിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് വഴിതുറക്കുമെന്നാണ് സൂചന.

