വെല്ലിംഗ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് (FTA) തൊട്ടുപിന്നാലെ, വെല്ലിംഗ്‌ടണിലെ വിക്ടോറിയ സർവകലാശാലയിലുള്ള ‘ന്യൂസിലൻഡ് ഇന്ത്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ (NZIRI) പ്രവർത്തനം പുനരാരംഭിക്കുന്നു. 2012-ൽ സ്ഥാപിതമായ ഈ സ്ഥാപനം കോവിഡ് പ്രതിസന്ധികളെ ത്തുടർന്നാണ് താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. സർക്കാരിന്റെ പ്രത്യേക ധനസഹായത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള അറിവും അവബോധവും ന്യൂസിലൻഡിലെ നയരൂപീകരണ വിദഗ്ദ്ധരിലേക്കും പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. വിക്ടോറിയ സർവകലാ ശാലയ്ക്ക് പുറമെ ഓക്‌ലൻഡ്, മാസി, ഒട്ടാഗോ ഉൾപ്പെടെയുള്ള ഏഴ് പ്രമുഖ സർവകലാശാലകളിലെ നാല്പതോ ളം ഗവേഷകർ ഈ സംരംഭത്തിൽ പങ്കാളികളാകും. ഫൗണ്ടിംഗ് ഡയറക്ടർ പ്രൊഫ. ശേഖർ ബന്ദ്യോപാധ്യായ യുടെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള അക്കാദമിക് മാതൃകാ സഹകരണത്തിനും തന്ത്രപരമായ നയതന്ത്ര ചർച്ചകൾക്കും പുതിയ തുടക്കം കുറിക്കാൻ ഈ പുനരാരംഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

