ക്രിസ്ത്യൻ ബ്രദേഴ്സ് സഭ തകർച്ചയിലേക്ക്; ഇരകൾക്കുള്ള 65 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം നികുതിദായകർ നൽകേണ്ടി വന്നേക്കും

സിഡ്നി: കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ എന്ന സന്യാസ സഭ സാമ്പത്തിക തകർച്ചയിലായതിനെ തുടർന്ന്, നൂറുകണക്കിന് ബാലപീഡന ഇരകൾക്ക് നൽകേണ്ടി വരുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാര ബാധ്യത ഓസ്‌ട്രേലിയൻ നികുതിദായകർക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടേക്കുമെന്ന് പുതിയ കോടതി രേഖകൾ വ്യക്തമാക്കുന്നു. സഭ പൂർണ്ണമായും ഇല്ലാതാകുന്നതോടെ ഏകദേശം 65 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 350 കോടിയിലധികം രൂപ) ഗവൺമെന്റിന് നൽകേണ്ടി വരുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കറുത്ത ചരിത്രമുള്ള ക്രിസ്ത്യൻ ബ്രദേഴ്സ്, തങ്ങൾ പാപ്പരായെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ പണമില്ലെന്നും കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സിവിൽ കോടതികളിലും ഗവൺമെന്റിന്റെ നാഷണൽ റെഡ്രസ്സ് സ്കീമിലും ഉള്ള നൂറുകണക്കിന് കേസുകളാണ് പ്രതിസന്ധിയിലായത്. നിലവിൽ 340 ഓളം പരാതികളിലായി 25 മില്യൺ ഡോളറിന്റെ ബാധ്യതയുള്ള സഭയ്ക്ക്, വരും വർഷങ്ങളിൽ 590 ഓളം പുതിയ പരാതികളിലായി 40 മില്യൺ ഡോളറിന്റെ ബാധ്യത കൂടി വരുമെന്നാണ് സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആകെ 930 ഓളം പരാതികളിലായി 65 മില്യൺ ഡോളറാണ് സഭ നൽകാനുള്ളത്.

നാഷണൽ റെഡ്രസ്സ് സ്കീമിന്റെ നിയമപ്രകാരം, കുറ്റക്കാരായ സ്ഥാപനങ്ങൾ ഇല്ലാതാകുകയോ പണം നൽകാൻ സാധിക്കാതെ വരികയോ ചെയ്താൽ ഫെഡറൽ ഗവൺമെന്റാണ് അവസാന ആശ്രയമായി ഈ തുക നൽകേണ്ടി വരുന്നത്. ഈ സാഹചര്യത്തിനെതിരെ ഓസ്‌ട്രേലിയൻ സാമൂഹിക സേവന മന്ത്രി ടാനിയ പ്ലിബെർസെക് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അതിക്രമങ്ങൾക്ക് കാരണക്കാരായവർ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ഏറ്റവും അവസാനത്തെ വഴി മാത്രമായിരിക്കണമെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ കൈവശമുള്ള ബാക്കി 36 വസ്തുവകകൾ വിറ്റ് കടം വീട്ടാമെന്നാണ് ക്രിസ്ത്യൻ ബ്രദേഴ്സ് ഇപ്പോൾ കോടതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഈ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ഇരകൾക്ക് നൽകാനുള്ളതിന്റെ ചെറിയൊരു ശതമാനം മാത്രമായിരിക്കും. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സഭ തങ്ങളുടെ വിലപിടിപ്പുള്ള പല സ്വത്തുക്കളും ‘ട്രസ്റ്റീസ് ഓഫ് എഡ്മണ്ട് റൈസ് എഡ്യൂക്കേഷൻ ഓസ്‌ട്രേലിയ’ എന്ന മറ്റൊരു കോർപ്പറേറ്റ് സ്ഥാപനത്തിലേക്ക് വെറും 1 ഡോളർ നിരക്കിൽ കൈമാറ്റം ചെയ്തതാണ് ഇരകളെയും നിയമവിദഗ്ദ്ധരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഈ സ്വത്തുക്കൾ വിൽക്കാൻ പുതിയ ട്രസ്റ്റ് തയ്യാറാകുന്നുമില്ല.

വിഷയത്തിൽ ഗവൺമെന്റ് ശക്തമായ ‘ഫോറൻസിക് പരിശോധന’ നടത്തുമെന്ന് മന്ത്രി ടാനിയ പ്ലിബെർസെക് ഉറപ്പ് നൽകി. സഭയുടെ സാമ്പത്തിക പുനഃസംഘടനയെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണം നടത്തുമെന്നും, ഇരകളുടെ താല്പര്യങ്ങളും നികുതിദായകരുടെ പണവും സംരക്ഷിക്കാൻ ന്യൂ സൗത്ത് വെയ്‌ൽസ് സുപ്രീം കോടതിയിലെ നടപടികളിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ സർവീസസ് നേരിട്ട് പങ്കാളിയാകുമെന്നും അവർ വ്യക്തമാക്കി.

2025 ഡിസംബറിലെ കണക്കുകൾ പ്രകാരം 57 മില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ഈ സ്ഥാപനത്തിന് നിലവിൽ 47 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഈ തുക കൂടി ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ സഭയുടെ ശ്രമം. ഒരു ദൈവവും ഒരു സഭയുമെന്ന വിശ്വാസത്തിന് പകരം സ്വത്തുക്കൾ കടത്താൻ കോർപ്പറേറ്റ് കമ്പനികൾ ഉണ്ടാക്കുന്ന സഭയുടെ നിലപാടിനെതിരെ പാർലമെന്റിലും ശക്തമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *