മെൽബൺ: ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള വാർണാംബൂളിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 33-കാരിയെ കാറിലേക്ക് വലിച്ച് കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം.ഈ മാസം ഏഴാം തീയതി നടന്ന ഈ ആസൂത്രിതമായ ആക്രമണത്തിന് പിന്നിൽ വിദേശത്തുള്ള ഒരാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അക്രമം നടത്തിയ യുവതിക്കായി വിക്ടോറിയ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കു കയാണ്.
ജൂലൈ 7 വൈകുന്നേരം 4.30-ഓടെ വില്ലോ ട്രീ ലെയ്നിലൂടെ നടന്നുപോകുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു വെള്ള ഹ്യുണ്ടായ് i30 (Hyundai i30) വാടക കാറിന് സമീപം നിന്നിരുന്ന മറ്റൊരു യുവതി ഇവരെ പിന്നിൽ നിന്ന് ആക്രമിച്ച് കാറിലേക്ക് തള്ളിയിടാൻ ശ്രമിക്കു കയായിരുന്നു. എന്നാൽ ഇരയായ യുവതി ധീരമായി ചെറുത്തുനിൽക്കുകയും താഴെ വീണ പശ്ചാത്ത ലത്തിലും അക്രമിയെ ചവിട്ടി അകറ്റുകയും ചെയ്തു. ഇതിനിടയിൽ ഇരയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത അക്രമി കാറിൽ സൗത്ത് ഭാഗത്തേക്ക് അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. ഇരയുടെ ശക്തമായ പ്രതിരോധമാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
ഇതൊരു ആസൂത്രിത കുറ്റകൃത്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ആക്ടിങ് സർജൻ്റ് ജോ ഫിഷർ വ്യക്തമാക്കുന്നത്. ഇരയുമായി മുൻപരിചയമുള്ളതും നിലവിൽ വിദേശത്തുള്ളതുമായ ഒരു വ്യക്തിയാണ് ഈ ആക്രമണത്തിന് പിന്നിൽ നിന്ന് നിർദ്ദേശം നൽകിയതെന്ന് പോലീസ് വിശ്വസിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന തിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രതികൾ വാടക കാർ ഉപയോഗിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
20 നും 30 നും ഇടയിൽ പ്രായമുള്ള, ചുരുണ്ട സ്വർണ്ണ നിറമുള്ള മുടിയുള്ള ഒരു കാക്കേഷ്യൻ (Caucasian) യുവതിയാണ് അക്രമം നടത്തിയത്. കറുത്ത ഹൂഡിയും പിങ്ക് പാൻ്റുമാണ് ഇവർ ധരിച്ചിരുന്നത്. പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി കമ്പ്യൂട്ടർ നിർമ്മിത ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തിന് ശേഷം പ്രതി സഞ്ചരിച്ച വെള്ള കാർ കൊറോയിറ്റ് , ഹൈലാൻഡ് എന്നീ തെരുവുകളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ സംഭവദിവസം ഉണ്ടായിരുന്നവരിൽ നിന്നും ഡാഷ്ക്യാം ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ ലഭ്യമാണെങ്കിൽ ഉടൻ തന്നെ ക്രൈം സ്റ്റോപ്പേഴ്സുമായി (1800 333 000) ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

