സിഡ്നി: ‘ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ബാല പീഡനക്കേസുകളിൽ പ്രതിയായ ഹാമിഷ് ടൈറ്റ് (35), കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് മുൻപ് അവസാനമായി കാണാനെന്ന വ്യാജേന ‘നേച്ചർ പ്ലേ’ വെക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി പുറത്തുവന്ന ഇമെയിൽ രേഖകൾ വ്യക്തമാക്കുന്നു. സിഡ്നിയിലെ നോർത്ത് വെസ്റ്റ് മേഖലയിലുള്ള 62 ഓളം ചൈൽഡ് കെയർ സെന്ററുകളിൽ ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ 150 കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 329 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
‘വൈൽഡ് എർത്ത്ലിംഗ്സ്’ എന്ന സ്വന്തം ബിസിനസ്സ് വഴിയാണ് ഇയാൾ അഞ്ചു മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി കാടുകയറ്റവും മരംകയറ്റവും ഉൾപ്പെടുന്ന ക്യാമ്പുകൾ സംഘടിപ്പിച്ചത്. മാതാപിതാക്കളെ ആകർഷിക്കാൻ പ്രത്യേക ഡിസ്കൗണ്ടുകളും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കണ്ടെടുത്ത കുട്ടികളുടെ വസ്ത്രങ്ങളുടെ ചിത്രങ്ങൾ പുറത്തു വിട്ടുകൊണ്ട്, കൂടുതൽ ഇരകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്. നിലവിൽ 136 ഇരകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസ് തെളിയുകയാണെങ്കിൽ ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ബാലപീഡകനായിരിക്കും ഇയാൾ.

