ബ്രിസ്ബെയ്ൻ: ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ പ്രസവങ്ങളിലൊന്നിൽ, സ്വാഭാവിക ഗർഭധാരണത്തിലൂടെ (Naturally Conceived) ഒരേപോലെയുള്ള നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഓസ്‌ട്രേലിയൻ സ്വദേശിയായ യുവതി. ബ്രിസ്ബെയ്നിലെ റോയൽ ബ്രിസ്ബെയ്ൻ ആൻഡ് വിമൻസ് ഹോസ്പിറ്റലിലാണ് ‘മോണോസൈഗോട്ടിക് ക്വാഡ്രപ്ലെറ്റ്സ്’ വിഭാഗത്തിൽപ്പെടുന്ന കുഞ്ഞുങ്ങൾ ജനിച്ചത്.15 മില്യൺ (ഒന്നരക്കോടി) ഗർഭധാരണങ്ങളിൽ ഒന്നിൽ മാത്രം സംഭവിക്കാവുന്ന അതീവ അപൂർവ്വമായ പ്രതിഭാസമാണിത്.
ഒരു ബീജസങ്കലന അണ്ഡം വിഘടിച്ച് നാലായി മാറിയാണ് ജെനിറ്റാർ-ജോർഥാം ദമ്പതികൾക്ക് ഈ നാല് കൺമണികൾ ജനിച്ചത്. ഹാരിയറ്റ്, അലക്സ, കാതറിൻ, എമിലി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങൾ 28 ആഴ്ചയും നാല് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് സിസേറിയൻ വഴി പുറത്തെടുത്തത്. ഈ വിഭാഗത്തിൽ സ്വാഭാവിക ഗർഭധാരണത്തിലൂടെയുള്ള കുഞ്ഞുങ്ങളുടെ ജനനം ഓസ്‌ട്രേലിയൻ ചരിത്രത്തിൽ തന്നെ ആദ്യ ത്തേതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ തന്നെ ഇതിന് മുൻപ് ഇത്തരത്തി ലുള്ള വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. കൂടുതൽ കരുത്തും ആരോഗ്യവും പ്രാപിക്കു ന്നതിനായി കുഞ്ഞുങ്ങൾ അടുത്ത ഏതാനും ആഴ്ചകൾ കൂടി ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തിൽ തുടരും. ഇതിനകം തന്നെ നാല് കുട്ടികളുള്ള ഈ ദമ്പതികൾ, പുതിയ അതിഥികളുടെ വരവോടെ പത്തംഗങ്ങളുള്ള വലിയൊരു കുടുംബമായി മാറിയതിന്റെ സന്തോഷത്തിലാണ്.

