സിഡ്നി തീരത്ത് ചത്തടിഞ്ഞ തിമിംഗലക്കുട്ടിയിൽ പക്ഷിപ്പനി (H5N1) പരിശോധന നടത്തും

സിഡ്നി: സിഡ്നിയുടെ തെക്കൻ തീരത്ത് ചത്തടിഞ്ഞ ഹംപ്ബാക്ക് (H5N1) ഇനത്തിൽപ്പെട്ട തിമിംഗലക്കുട്ടിയിൽ പക്ഷിപ്പനി പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ ക്രോമുള്ളയിലെ ഗ്രീൻഹിൽസ് ബീച്ചിലാണ് 4.5 മീറ്റർ നീളമുള്ള ആൺ തിമിംഗലക്കുട്ടിയെ കണ്ടെത്തിയത്.

തീരത്ത് തിമിംഗലത്തെ കണ്ട പൗരൻ ഉടൻ തന്നെ ഓസ്‌ട്രേലിയയിലെ കടൽ ജീവികളുടെ സംരക്ഷണത്തിനായുള്ള സംഘടനയായ ‘ഓർക്ക’യെ (ORRCA) വിവരമറിയിക്കുകയായിരുന്നു. ഓർക്ക പ്രതിനിധികൾക്കൊപ്പം എൻ.എസ്.ഡബ്ല്യു നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ്, ഗാമയ് റേഞ്ചേഴ്സ്, സതർലാൻഡ് ഷെയർ കൗൺസിൽ എന്നിവരും സ്ഥലത്തെത്തി തിമിംഗലത്തെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അധികം വൈകാതെ അത് മരണപ്പെടുകയായിരുന്നു. തുടർന്ന് ഗാമയ് റേഞ്ചേഴ്സുമായി സഹകരിച്ച് സാംസ്കാരിക ആചാരങ്ങൾ പാലിച്ച് തിമിംഗലത്തിന്റെ മൃതദേഹം ബീച്ചിൽ നിന്നും മാറ്റി.

നിലവിലുള്ള ജൈവസുരക്ഷാ ചട്ടങ്ങളുടെ ഭാഗമായാണ് തിമിംഗലത്തിൽ പക്ഷിപ്പനി (H5N1 Avian Influenza) പരിശോധന നടത്തുന്നതെന്ന് ഓർക്ക പ്രസിഡന്റ് ആഷ്‌ലി റൈൻ അറിയിച്ചു. തിമിംഗലത്തിന്റെ മരണകാരണം നിലവിൽ വ്യക്തമല്ലെന്നും രോഗബാധ, പരിക്കുകൾ, അമ്മയിൽ നിന്നുള്ള വേർപിരിയൽ അല്ലെങ്കിൽ ദിശ തെറ്റൽ തുടങ്ങിയ പല കാരണങ്ങളാൽ തിമിംഗലങ്ങൾ തീരത്തടിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിമിംഗലത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് സ്രാവുകളുടെ ആക്രമണ സാധ്യത മുൻനിർത്തി തീരത്ത് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *