നെന്മാറയുടെ ചരിത്രരേഖാ സൂക്ഷിപ്പുകാരൻ വേണുഗോപാൽ മനങ്ങോട്ടു പാറയിൽ സിഡ്‌നിയിൽ അന്തരിച്ചു

സിഡ്‌നി: നെന്മാറയുടെ ചരിത്രവും സംസ്കാരവും അമൂല്യമായ രേഖകളിലൂടെയും ഫോട്ടോകളിലൂടെയും തലമുറകൾക്കായി സൂക്ഷിച്ചുവെച്ച ചരിത്രരേഖാ സൂക്ഷിപ്പുകാരൻ വേണുഗോപാൽ മനങ്ങോട്ടു പാറയിൽ (വേണുവേട്ടൻ) അന്തരിച്ചു. സിഡ്‌നിയിലെ വെസ്റ്റ്മീഡിലുള്ള വസതിയിൽ വെച്ച് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. മകൻ ശ്രീജിത്ത് വേണുഗോപാലിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ജൂൺ 16-നാണ് അദ്ദേഹം ഭാര്യ ശോഭയോടൊപ്പം ഓസ്‌ട്രേലിയയിൽ എത്തിയത്.

നെന്മാറയുടെ കലാ, സാംസ്കാരിക, ക്ഷേത്രോത്സവങ്ങളും രാഷ്ട്രീയ-പൊതുപരിപാടികളും ഉൾപ്പെടെയുള്ള ചരിത്രനിമിഷങ്ങളെ ക്യാമറയിലും ഫോട്ടോകളിലും പകർത്തി സൂക്ഷിച്ചിരുന്ന വേണുവേട്ടൻ, നാടിന്റെ ഓർമ്മച്ചെപ്പായിരുന്നു. അച്ഛൻ വാസുദേവൻ നായരിൽ നിന്നുമാണ് ചരിത്രരേഖകൾ ശേഖരിക്കാനുള്ള താല്പര്യം അദ്ദേഹത്തിന് ലഭിച്ചത്. 1948-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഭരണഘടനയുടെ കരട് പുസ്തകം, ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പത്രപേജുകൾ, യേശുദാസിന്റെ കുഞ്ഞുനാളിലെ ഫോട്ടോകൾ, പാട്ടുകൾ, പഴയകാല റേഡിയോ, ടേപ്പ് റെക്കോർഡർ തുടങ്ങി വിപുലമായ ഒരു ചരിത്രശേഖരം അദ്ദേഹത്തിന്റെ ‘ശ്രീനിവാസ’ എന്ന വീട്ടിലുണ്ടായിരുന്നു.

സമൂഹത്തിന് മാതൃകയായി ശബരിമല തീർത്ഥാടകർക്ക് സ്വന്തം മില്ലിൽ തയ്യാറാക്കിയ ഔഷധക്കൂട്ട് വർഷങ്ങളായി സൗജന്യമായി വിതരണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം ഏവർക്കും മാതൃകയാണ്. മനോരമ ദിനപത്രത്തിൽ അദ്ദേഹത്തിന്റെ ഈ അമൂല്യശേഖരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം (ജൂലൈ 18, 2026) പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നെന്മാറയ്ക്ക് തീരാനഷ്ടമാണ്. വേണുഗോപാലിന്റെ നിര്യാണത്തിൽ ഐ.ഒ.സി (IOC) കേരള ചാപ്റ്റർ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *