കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളിൽ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.
കേസിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞ ഡോ. റാമിനെ അറസ്റ്റ് ചെയ്തെങ്കിലും നിയമനടപടികൾ പാലിച്ചില്ലെന്ന കാരണത്താൽ കോടതി വിട്ടയച്ച സംഭവമാണ് വിമർശനത്തിന് ഇടയായത്.
അറസ്റ്റിന്റെ കാരണം പ്രതിയെ അറിയിക്കാത്തത് ഗുരുതര നിയമവീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിവൈ.എസ്.പി. റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥന് ഇത്തരമൊരു അടിസ്ഥാന നടപടിക്രമം അറിയില്ലെന്ന് വിശ്വസിക്കാനാകില്ലെന്നും കോടതി വിമർശിച്ചു. പ്രതിയെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് മാറ്റണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുമെന്നും മുന്നറിയിപ്പ് നൽകി.
ഡോ. റാമിന്റെ കാര്യത്തിൽ ഭരണസംവിധാനത്തിന്റെ സമ്പൂർണ പരാജയമാണ് ഉണ്ടായതെന്നും, പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് അന്വേഷണ ഉദ്യോഗസ്ഥൻ ഒരുക്കിക്കൊടുത്തുവെന്നും കോടതി വിമർശിച്ചു. ഡോ. റാമിനെ ഹാജരാക്കിയപ്പോൾ സമർപ്പിച്ച രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയോടും കോടതി നിർദേശിച്ചു. അറസ്റ്റിന്റെ നടപടിക്രമങ്ങൾ നിയമാനുസൃതമായിരുന്നോയെന്ന് ഹൈക്കോടതി പരിശോധിക്കുമെന്നും വ്യക്തമാക്കി.

