നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണം; വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും ടി.വി.കെ.

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (NEET) പൂർണമായും റദ്ദാക്കണമെന്നും വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. പരീക്ഷയിലെ ക്രമക്കേടുകൾ മാത്രം പരിഹരിച്ചാൽ മതിയാകില്ലെന്നും നീറ്റ് സമ്പ്രദായം തന്നെ അവസാനിപ്പിക്കണമെന്നതാണ് പാർട്ടിയുടെ നിലപാടെന്നും ടിവികെ പ്രസ്താവനയിൽ വ്യക്തമാക്കി.

മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയങ്ങളും പ്രവേശന നടപടികളും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാകണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റിയാൽ സംസ്ഥാനങ്ങൾക്ക് സ്വന്തം സാഹചര്യങ്ങൾക്കനുസരിച്ച് മെഡിക്കൽ പ്രവേശന നയം രൂപീകരിക്കാൻ സാധിക്കുമെന്നും ടിവികെ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നീറ്റിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ടിവികെ വീണ്ടും ഇക്കാര്യം ആവർത്തിച്ചത്. വിദ്യാർഥികളുടെ താത്പര്യവും ഫെഡറൽ സംവിധാനത്തിന്റെ തത്വങ്ങളും സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *