ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ് ദീപ ബിജുവിന് ഹോളി ഫാമിലി ഹോസ്പിറ്റലിൽ അനുമോദനം

തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയ ദീപ ബിജുവിനെ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് ആദരിച്ചു. മുതലക്കോടം ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിങ്ങിലെ 11-ാമത്തെ ബാച്ച് പൂർവ്വ വിദ്യാർത്ഥിനിയായിരുന്ന ദീപ ബിജു 1992 – 94 കാലഘട്ടത്തിലാണ് ഇവിടെ നിന്നും നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയത്.

രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ദീപ കഴിഞ്ഞ 30 വർഷമായി കേന്ദ്ര ഭരണ പ്രദേശമായ ഡാമൻ & ഡ്യുവിൽ സേവനമനുഷ്ഠിച്ചു വരികയാണ്.

ആശുപത്രിയിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ് എന്നിവർ ചേർന്ന് ദീപ ബിജുവിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

നഴ്സിങ് രംഗത്ത് ദീപ ബിജു കാഴ്ചവെച്ച മാതൃകാപരമായ സേവനങ്ങളും സമർപ്പണബോധവുമാണ് ഈ പരമോന്നത ദേശീയ അംഗീകാരത്തിന് അർഹയാക്കിയതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീപയുടെ ഈ നേട്ടം സ്ഥാപനത്തിനും സഹപാഠികൾക്കും ഏറെ അഭിമാനകരമാണെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് S.H പറഞ്ഞു.

ചടങ്ങിൽ ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിങ് മുൻ പ്രിൻസിപ്പൽമാർ, മുൻ ട്യൂട്ടർമാർ, ഹോസ്പിറ്റൽ സ്റ്റാഫ്, നഴ്സിങ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *