യജമാനന്റെ മൃതദേഹത്തിനടുത്തേക്ക് ഓടിയെത്തി വിടചൊല്ലി വളർത്തുമൃഗം: കണ്ണുനനയിച്ച് ടൈഗറിന്റെ ആത്മബന്ധം

തിരുവല്ല: താൻ കുഞ്ഞിനെപ്പോലെ പോറ്റി വളർത്തിയ ഗൃഹനാഥൻ വിടപറഞ്ഞപ്പോൾ വിതുമ്പലോടെ ആദരാഞ്ജലികൾ അർപ്പിച്ച് വളർത്തുനായ. തിരുവല്ല മേപ്രാൽ കട്ടപ്പുറത്ത് പാലത്തിട്ടയിൽ പി.എം. മാത്യൂവിന്റെ (69) മരണശേഷമാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തുനായ ‘ടൈഗർ’ വിടപറച്ചിലിന്റെ വൈകാരിക കാഴ്ചയായത്.

ക്യാൻസർ ബാധിതനായിരുന്ന മാത്യൂ അച്ചായന്റെ മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റുന്നതിനിടെ പൂട്ടിയിട്ടിരുന്ന മുറിയുടെ വാതിൽ തകർത്ത് ഓടിയെത്തിയ ടൈഗർ, മൃതദേഹത്തിനടുത്തേക്ക് കുതിച്ചുചാടുകയായിരുന്നു. തുടർന്ന് മാത്യൂവിന്റെ ഭൗതികശരീരത്തിനടുത്ത് വലിഞ്ഞുകയറി നിന്ന നായയുടെ ദൃശ്യങ്ങൾ കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.

നാല് വർഷം മുൻപ് അയൽപക്കത്തെ പുരയിടത്തിൽ പ്രസവിച്ച തെരുവുനായുടെ കുഞ്ഞിനെ എടുത്തു കൊണ്ടുവന്ന് മാത്യൂ സ്വന്തം മകനെപ്പോലെ വളർത്തുകയായിരുന്നു. മാത്യൂ സ്വന്തം കൈകൊണ്ട് ഭക്ഷണം വാരി നൽകുകയും രാത്രി ഒരേ കട്ടിലിൽ പുതപ്പിനടിയിൽ ഒന്നിച്ച് കിടന്നുറങ്ങുകയുമായിരുന്നു ഇവരുടെ പതിവ്. രോഗബാധിതനായി കിടപ്പിലായപ്പോഴും മുറിക്ക് മുന്നിൽ തന്നെ കാവലിരുന്ന ടൈഗർ, മാത്യൂവിന്റെ മരണശേഷം അദ്ദേഹം ഉറങ്ങിയിരുന്ന അതേ കട്ടിലിൽ തലയിണയിൽ മണത്തുനോക്കി കിടക്കുകയാണെന്ന് ഭാര്യ എൽസി പറഞ്ഞു.

തെരുവുനായ്ക്കളോട് പൊതുവെ അകൽച്ച പാലിക്കുന്ന കാലഘട്ടത്തിൽ യജമാനനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഈ അപൂർവ്വ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൻതോതിൽ ശ്രദ്ധനേടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *