കാൻബറ: ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ പരമ്പരാഗത പ്രമുഖ പാർട്ടികൾക്ക് കനത്ത തിരിച്ചടി നൽകി പുറത്തുവന്ന ഏറ്റവും പുതിയ ന്യൂസ്പോൾ സർവേ. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ജനപിന്തുണയിൽ വൻ ഇടിവ്. ലേബർ പാർട്ടിയുടെ പ്രൈമറി വോട്ട് വിഹിതം 27 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2011-ൽ രേഖപ്പെടുത്തിയ എക്കാലത്തെയും കുറഞ്ഞ നിരക്കായ 26 ശതമാനത്തിന് തൊട്ടടുത്താണ് ഇപ്പോഴത്തെ കണക്കുകൾ.
അതേസമയം, പോളിൻ ഹാൻസന്റെ ‘വൺ നേഷൻ’ (One Nation) പാർട്ടി 30 ശതമാനം വോട്ടുകളോടെ മുന്നേറ്റം തുടരുകയാണ്. പ്രധാന പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യത്തിന് (Coalition) 19 ശതമാനം പ്രൈമറി വോട്ടുകൾ മാത്രമാണ് നേടാനായത്. മുൻപ് 2025 ഫെഡറൽ തെരഞ്ഞെടുപ്പിൽ ലേബറും കൊയലിഷനും ചേർന്ന് 66.4 ശതമാനം വോട്ട് വിഹിതം നേടിയിരുന്ന സ്ഥാനത്ത്, നിലവിൽ ഇരു പാർട്ടികൾക്കും കൂടി വെറും 46 ശതമാനം പിന്തുണ മാത്രമാണുള്ളത്.
പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ നെറ്റ് അപ്രൂവൽ റേറ്റിംഗ് -27 ലേക്ക് കൂപ്പുകുത്തി. 2022-ൽ ലേബർ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും ദുർബലമായ നിരക്കാണിത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഭവന പ്രതിസന്ധി, പണപ്പെരുപ്പം, കുടിയേറ്റം, സുരക്ഷാ ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി വോട്ടർമാർ പരമ്പരാഗത രണ്ടു മുന്നണി രാഷ്ട്രീയത്തിൽ നിന്ന് അകലുന്നതിന്റെ വ്യക്തമായ സൂചനയാണ് പുതിയ സർവേ ഫലങ്ങൾ നൽകുന്നത്.

