പ്രതികളെ കൈവിലങ്ങണിയിക്കുന്നതിന് പുതിയ നിയമം;കർശന നിയന്ത്രണവുമായി പോലീസ് മേധാവി

തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ ഹാജരാക്കുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

കൊടുംകുറ്റവാളികൾക്ക് മാത്രമായിരിക്കും ഇനി കൈവിലങ്ങ് ഉപയോഗിക്കുക. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിജ്ഞാപനം ചെയ്ത 13 പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന പ്രതികളെ കൊണ്ടുപോകുമ്പോൾ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ. ഇതിൽ ഉൾപ്പെടാത്തവർക്ക് കൈവിലങ്ങ് പാടില്ല. പ്രതിയുടെ അക്രമസ്വഭാവം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത, സുരക്ഷാഭീഷണി എന്നിവ വിലയിരുത്തിയ ശേഷം മാത്രമേ നടപടിയെടുക്കാവൂ. കൈവിലങ്ങ് ഉപയോഗിക്കുന്നതിനുള്ള കൃത്യമായ കാരണം സ്റ്റേഷൻ ജനറൽ ഡയറിയിലും രജിസ്റ്ററിലും രേഖപ്പെടുത്തുന്നതിനൊപ്പം കോടതിയെയും ബോധ്യപ്പെടുത്തണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കും. പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കാനോ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.

സ്ഥിരം കുറ്റവാളികൾ, കസ്റ്റഡി ചാടിയവർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ഭീകരവാദ പ്രവർത്തനം, മയക്കുമരുന്ന് കേസുകൾ, അനധികൃത ആയുധം കൈവശം വെക്കൽ, കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, വ്യാജനോട്ട് നിർമ്മാണം, മനുഷ്യക്കടത്ത്, പോക്സോ കേസുകൾ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് കൈവിലങ്ങ് ധരിപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *