തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി-മനുഷ്യ സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ വനത്തിനുള്ളിൽത്തന്നെ ശാസ്ത്രീയ പുനരധിവാസം (ട്രാൻസ്‌ലൊക്കേഷൻ) നടപ്പാക്കാൻ വനംവകുപ്പ് ഒരുങ്ങുന്നു. മൃഗങ്ങളുടെ എണ്ണം അമിതമായി കേന്ദ്രീകരിച്ചിട്ടുള്ള വനമേഖലകളിൽ നിന്ന് അവയുടെ എണ്ണം കുറവുള്ള അനുയോജ്യമായ മറ്റ് വനങ്ങളിലേക്ക് മാറ്റുന്ന പദ്ധതി ആദ്യഘട്ടത്തിൽ വയനാട്ടിൽ നടപ്പാക്കും.
പദ്ധതി വിജയിക്കുന്ന മുറയ്ക്ക് സംസ്ഥാനത്തെ മറ്റു വനമേഖലകളിലേക്കും വ്യാപിപ്പിക്കും. വനമേഖലകളിലെ ഓരോ ജീവിവർഗത്തിന്റെയും സാന്ദ്രതയും വാഹകശേഷിയും കണ്ടെത്താനായി കോയമ്പത്തൂരിലെ സലീം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയെ (സാക്കോൺ) വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമരൂപമായത്.
കുരങ്ങുകൾ, മയിലുകൾ തുടങ്ങി പുനരധിവാസം ആവശ്യമാണെന്ന് കണ്ടെത്തുന്ന മുഴുവൻ ജീവിവർഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും. ആവശ്യമായി വന്നാൽ അയൽസംസ്ഥാനങ്ങളിലെ വനമേഖലകളിലേക്ക് ജീവികളെ മാറ്റുന്നതും പരിഗണനയിലുണ്ട്. സംസ്ഥാന അതിർത്തികൾ തടസ്സമാകാതിരിക്കാൻ കേന്ദ്രതലത്തിൽ നിയമഭേദഗതി ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നുണ്ട്. വലിയ വന്യജീവികളുടെ പുനരധിവാസത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനും ധാരണയായിട്ടുണ്ട്.
വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക 50 ശതമാനം വർധിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി ഓഗസ്റ്റിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കാൻ 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകൾ (RRT) രൂപവത്കരിക്കും. നാടൻകുരങ്ങിനെ ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റാനുള്ള നിയമഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, വനം സെക്രട്ടറി കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

