തദ്ദേശീയ പഠനമേഖലകളിൽ വിദ്യാർഥികൾക്ക് ആശ്വാസധനസഹായം; അൽബനീസ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം

ആഡ്ലെയ്ഡ്: ഫിസിയോതെറാപ്പി, സ്പീച്ച് പാത്തോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ പത്ത് പ്രധാന കോഴ്‌സുകളിലെ വിദ്യാർഥികൾക്ക് നിർബന്ധിത പരിശീലന കാലയളവിൽ സാമ്പത്തിക ധനസഹായം നൽകു മെന്ന് ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചു. ലേബർ പാർട്ടി ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആണ് പുതിയ തീരുമാനം അറിയിക്കുക.

2027 ജൂലൈ 1 മുതൽ നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ആഴ്ചയിൽ 338.60 ഡോളർ വരെ ധനസഹായം ലഭിക്കും. ക്ലിനിക്കൽ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് പാത്തോളജി, പാരാമെഡിസിൻ, റേഡിയോഗ്രാഫി, ഫാർമസി, റിഹാബിലിറ്റേഷൻ തെറാപ്പി, ഓഡിയോളജി, പോഡിയാട്രി എന്നീ കോഴ്‌സുകൾക്കാണ് തുക അനുവദിക്കുക. നിലവിൽ അധ്യാപനം, നഴ്‌സിംഗ്, മിഡ്‌ വൈ ഫറി, സോഷ്യൽ വർക്ക് എന്നീ പഠനശാഖകൾക്ക് മാത്രമായി ചുരുങ്ങിയിരുന്ന പദ്ധതിയുടെ ആനുകൂല്യം വർധിപ്പിക്കാൻ ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നിരന്തരം സമ്മർദ്ദം ചെലുത്തിവരികയായിരുന്നു.

രാജ്യത്ത് വർധിച്ചുവരുന്ന ജീവിതച്ചെലവ് കുറയ്ക്കുന്നതിനും വിദ്യാർഥികൾക്ക് ആവശ്യമായ പ്രായോഗിക പിന്തുണ നൽകുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അതേസമയം, നികുതി പരിഷ്കാരങ്ങൾ, ഗാസ സംഘർഷം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിലെ നയരൂപീകരണം എന്നിവ തർക്കവിഷയങ്ങളായി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷയിലാണ് ലേബർ പാർട്ടിയുടെ മൂന്ന് ദിവസത്തെ ദേശീയ സമ്മേളനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *